NOTIFICATIONS

ആർ.ബി.ഐ യുടെ അംഗീകാരം ഇല്ലാത്ത വ്യാജ ലോൺ ആപ്പുകളിൽ പതിയിരിക്കുന്ന അപകടങ്ങൾ

ആർ.ബി.ഐ യുടെ അംഗീകാരം ഇല്ലാത്ത വ്യാജ ലോൺ ആപ്പുകളിൽ പതിയിരിക്കുന്ന അപകടങ്ങൾ

ഓൺലൈൻ പണമിടപാടുകൾ വർധിച്ചതോടെ അവയുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളിലും വൻ വർധനവുണ്ടായിട്ടുണ്ട്.
ലോൺ ആപ്പ് തട്ടിപ്പുകൾ പ്രത്യേകിച്ച് അപകടകരവും ഹീനവുമായ സൈബർ കുറ്റകൃത്യമായി ഉയർന്നുവന്നിട്ടുണ്ട്. കൊല്ലം റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഒരു മാസമായി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പട്ട പരാതി ഓൺലൈൻ ലോൺ ആപ്പുമായി ബന്ധപ്പെട്ടാണ്. തട്ടിപ്പുകാർ ആർ.ബി.ഐ യുടെ അംഗീകാരം ഇല്ലാത്ത വ്യാജ ലോൺ ആപ്പുകൾ സൃഷ്ടിക്കുകയും, ആകർഷകമായ വായ്പ തിരിച്ചടവ് നിബന്ധനകൾ സോഷ്യൽ മീഡിയകൾ വഴി പരസ്യപ്പെടുത്തി ഇരകളെ കുടുക്കുകയും ചെയ്യുന്നു. നിങ്ങൾ ഇത്തരം പരസ്യം കണ്ട് ലോൺ ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്‌ത് ലോൺ എടുത്താൽ ഉടൻ തന്നെ ടെക്‌സ്‌റ്റ് സന്ദേശങ്ങൾ, വാട്ട്‌സ്ആപ്പ് ടെക്‌സ്‌റ്റുകൾ, ഫോൺ കോളുകൾ എന്നിവ തട്ടിപ്പ് സംഘങ്ങളിൽ നിന്നും വരുകയും, നിങ്ങളുടെ ഫോണിൽ നിന്നും അവർ കൈക്കലാക്കിയ വിവരങ്ങൾ ഉപയോഗിച്ച് ശല്യപ്പെടുത്തുകയും, വേഗത്തിൽ ലോൺ തിരിച്ചടയ്‌ക്കുന്നതിന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പലപ്പോഴും മുമ്പ് സമ്മതിച്ചതിനേക്കാൾ വളരെ ഉയർന്ന തുകയ്ക്ക് പണം തിരിച്ചടയ്ക്കേണ്ടിയും വരുന്നു. നിങ്ങൾ വിസമ്മതിച്ചാൽ, നിങ്ങളിൽ നിന്നും കൈക്കലാക്കിയ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും നമ്പരിൽ വിളിച്ച് ശല്യപ്പെടുത്തുകയും, ബ്ലാക്ക് മെയിൽ ചെയ്യുന്നതിനും വരെ ഇടയാക്കുന്നു. ഈ അപകടകരമായ തട്ടിപ്പ് വഴി സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും മുന്നിൽ അപമാനത്തിൽ നിന്ന് രക്ഷപ്പെടാൻ ആളുകളെ ആത്മഹത്യയിലേക്ക് വരെ പ്രേരിപ്പിക്കുന്നു. നിങ്ങൾ ഒരിക്കലും ഈ കെണിയിൽ വീഴില്ലെന്ന് ഉറപ്പാക്കുക. ഈ തട്ടിപ്പ് എങ്ങനെ പടരുന്നു, എങ്ങനെ സ്വയം പരിരക്ഷിക്കാം എന്നറിയാൻ തുടർന്നുള്ള നിർദ്ദേശങ്ങൾ പാലിക്കുക????

♦️സുരക്ഷിതമായ ഉറവിടത്തിൽ നിന്നാണെന്ന് തിരിച്ചറിയുന്നില്ലെങ്കിൽ ലോൺ ആപ്പുകളൊന്നും ഡൗൺലോഡ് ചെയ്യരുത്. ലോൺ ആപ്പ് RBI അംഗീകരിച്ച ബാങ്കിന്റെ പിന്തുണയുള്ളതാണോ അതോ NBFC ആയി രജിസ്റ്റർ ചെയ്തതാണോ എന്ന് കണ്ടെത്തുക. കാരണം വായ്പകൾ വിതരണം ചെയ്യാൻ RBI അവരെ മാത്രമേ അനുവദിക്കൂ.

♦️സോഷ്യൽ മീഡിയകളിൽ കാണുന്ന ആകർഷകമായ വായ്പ തിരിച്ചടവ് പരസ്യങ്ങളിൽ വീഴാതിരിക്കുക.
നിങ്ങൾക്ക് ലോൺ എടുക്കേണ്ടി വന്നാൽ, എല്ലായ്പ്പോഴും ആധികാരിക ചാനലുകളിലൂടെ പോകുക. ഒന്നുകിൽ ബാങ്കിനെയോ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കോർപ്പറേഷനെയോ സമീപിക്കുക അല്ലെങ്കിൽ ക്രെഡിറ്റിനായി അപേക്ഷിക്കുന്നതിന് പ്രശസ്തവും യഥാർത്ഥവും സുരക്ഷിതവുമായ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുക. നിങ്ങൾ ഉപയോഗിക്കുന്ന സൈറ്റോ ആപ്പോ പ്രതിനിധീകരിക്കുന്നവർക്ക് ഫിസിക്കൽ ഓഫീസുകൾ ഉണ്ടോയെന്ന് പരിശോധിക്കുക.
അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴി നിങ്ങൾ മിക്കപ്പോഴും ചെന്നെത്തുന്നത് വ്യാജന്മാരിൽ ആയിരിക്കും.

♦️ലോൺ പ്രോസസിംഗിനായി ലോണിന്റെ ഒരു ഭാഗം മുൻ‌കൂട്ടി അടയ്ക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ ആദ്യം തന്നെ മനസിലാക്കുക അത് ഒരു തട്ടിപ്പാണ് എന്ന്. കാരണം ഏതെങ്കിലും സ്ഥാപനത്തിന് ലോൺ അംഗീകാരത്തിനായി പണം നൽകേണ്ടതില്ല. പ്രോസസ്സിംഗ് നിങ്ങളുടെ ലോണിന്റെ ഭാഗമായി അല്ലെങ്കിൽ നിങ്ങൾക്ക് ലോൺ വാഗ്ദാനം ചെയ്യുന്ന NBFC-ൽ നേരിട്ട് ബാങ്കിലേക്ക് അടയ്‌ക്കാനാണ് സാധാരണയായി ഈ ഫീസ് ഈടാക്കുന്നത്.

♦️കോൺടാക്‌റ്റുകൾ, ലൊക്കേഷൻ, ഫോട്ടോ തുടങ്ങിയ ഫോൺ പെർമിഷനുകൾ ഒന്നും ഈ ആപ്പുകൾക്ക് ഒരിക്കലും നൽകരുത്.
നിങ്ങളുടെ ഫോണിലെ എല്ലാത്തിലേക്കും അവരെ ആക്‌സസ് ചെയ്യാൻ നിങ്ങൾ അനുവദിച്ചാൽ അത് നിങ്ങളുടെ മുഴുവൻ കോൺടാക്‌റ്റ് ലിസ്‌റ്റും, ഫോട്ടോകളും വീഡിയോകളും തട്ടിപ്പ് സംഘങ്ങൾക്ക് ലഭിക്കുകയും അത് പിന്നീട് മറ്റ് കുറ്റകൃത്യങ്ങൾ നടത്താൻ അവർക്ക് സഹായകമാവുന്നു.

♦️എടുക്കുന്ന വായ്പ്പയുടെ കാലാവധി കഴിയുന്ന ദിവസം മുഴുവൻ തുകയും തിരികെ അടയ്ക്കാൻ ആവശ്യപ്പെടുന്ന ഇവർ തിരിച്ചടവ് മുടങ്ങിയാലുടൻ ഉപഭോക്താവിന്റെ കോൺടാക്ട് ലിസ്റ്റിലുളള ബന്ധുക്കളുടേയും സുഹൃത്തുക്കളുടയും നമ്പരുകളിലേയ്ക്ക് നിങ്ങളെ പറ്റി അപവാദ പ്രചാരണം നടത്തും.

♦️ഇത്തരം ലോൺ ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ, നിങ്ങൾ ലോൺ എടുത്തിട്ടില്ലെങ്കിൽ പോലും നിങ്ങൾ ലോൺ എടുത്തതായി കണക്കാക്കി നിങ്ങളിൽ നിന്ന് പണം ഈടാക്കാനുള്ള ശ്രമം നടത്തും.

♦️ലോൺ എടുക്കുന്ന സമയം നിങ്ങൾ സബ്മിറ്റ് ചെയ്ത ആധാർ, പാൻ തുടങ്ങിയ ID പ്രൂഫുകളും ഫോട്ടോയും ഉപയോഗിച്ച് നിങ്ങളെ പറ്റി പല വിധത്തിലുള്ള വ്യാജ വാർത്തകൾ സൃഷ്ടിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കും.

♦️ഉപഭോക്താവിൻറെ കോൺടാക്ട് ലിസ്റ്റിലുളള നമ്പരുകളിലേയ്ക്ക് നിങ്ങളുടെ ഫോണിൽ നിന്നും കൈക്കലാക്കിയ സ്വകാര്യ ഫോട്ടോകൾ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ച നിങ്ങളുടെ അശ്ലീല ഫോട്ടോകൾ അയച്ചു കൊടുക്കുകയും, ആയവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യും.

♦️ഉപഭോക്താവിൻറെ കോൺടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് ലോൺ എടുത്തയാൾ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഹണിട്രാപ്പിൽപ്പെടുത്തുകയും ചെയ്യുന്നു.

♦️ഭീഷണിക്കൊടുവിൽ മറ്റൊരു ആപ്പിൽ നിന്ന് വായ്പയെടുത്ത് ആദ്യത്തെ തുക അടയ്ക്കാൻ ഉപഭോക്താവ് നിർബന്ധിതരാക്കും. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ബന്ധുക്കളേയും സുഹൃത്തുക്കളേയും സമ്മർദ്ദം ചെലുത്തുന്നതോടെ വായ്പ എടുത്തയാൾ ആത്മഹത്യയിലേയ്ക്ക് നയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നു.

♦️ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും നിയമവിരുദ്ധമായ നിരവധി ആപ്പുകൾ ഉണ്ട്. അവയുടെ നിലവാരം പ്ലേസ്റ്റോറിൽ തന്നെ പരിശോധിക്കുക കൂടുടൽ നെഗറ്റീവ് കമന്റുകൾ രേഖപ്പെടുത്തിയവ, കുറഞ്ഞ എണ്ണം ഡൗൺലോഡുകൾ ഉള്ള എന്നിവയിലൂടെ ഈ ആപ്പുകളുടെ നിലവാരം തിരിച്ചറിയാൻ കഴിയും