NOTIFICATIONS
BSNL KYC വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത പുലർത്തുക!
കൊട്ടാരക്കര : നിങ്ങളുടെ ബി.എസ്.എൻ.എൽ സിം കാർഡ് ബ്ലോക്കാകുമെന്നും KYC വെരിഫിക്കേഷനായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക എന്നും മറ്റും പറഞ്ഞ് ടെക്സ്റ്റ് മെസേജോ, ഫോൺ കോളോ നിങ്ങൾക്ക് വന്നേക്കാം. ശേഷം ഒരു ലിങ്ക് അയച്ചുതരികയും ആയത് BSNL KYC application ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇൻസ്റ്റാൾ ചെയ്യാനും തുടർന്ന് ആപ്ലിക്കേഷൻ ഓപ്പൺ ആയി വരുന്നതിൽ കാണുന്ന "BSNL KYC ID നമ്പർ " പറഞ്ഞ് തരാനും ആവശ്യപ്പെടുകയും, സ്ക്രീനിൽ കാണുന്ന agree ബട്ടൺ അമർത്തിയ ശേഷം Credit/Debit കാർഡ് ഉപയോഗിച്ച് ഓൺലൈനായി നിങ്ങളുടെ തന്നെ മൊബൈൽ നമ്പർ പത്ത് രൂപയ്ക്ക് റിച്ചാർജ് ചെയ്യാനും നിർദ്ദേശിക്കും. പക്ഷേ റീച്ചാർജ് തുകയോടൊപ്പം നിങ്ങൾക്ക് നഷ്ടപ്പെടുക പതിനായിരങ്ങൾ ആയിരിക്കും!
ഇവിടെ BSNL KYC application എന്ന് പറഞ്ഞ് തട്ടിപ്പുകാരൻ ഇൻസ്റ്റാൾ ചെയ്യാനായി നിങ്ങൾക്ക് അയച്ചു തന്നത് 'Teamviewer QS ' എന്ന പ്രമുഖ സ്ക്രീൻ ഷെയർ ആപ്ലിക്കേഷൻ്റെ അനധികൃതമായി എഡിറ്റ് ചെയ്ത ലിങ്ക് ആകാം. തട്ടിപ്പുകാരൻ ആവശ്യപ്പെട്ട പ്രകാരം "BSNL KYC ID നമ്പർ" എന്ന് കരുതി നിങ്ങൾ പറഞ്ഞു കൊടുത്ത നമ്പർ ടി ആപ്ലിക്കേഷൻ്റെ screen share ID നമ്പറാണ്. അതായത് ടി നമ്പർ പങ്കു വയ്ക്കുന്നതിലൂടെ നിങ്ങളുടെ മൊബൈൽ സ്ക്രീൻ മറ്റൊരാൾക്ക് കാണാനും കൺട്രോൾ ചെയ്യാനും സാധിക്കും. ഇവിടെ നിങ്ങൾ സ്ക്രീനിൽ ടൈപ്പ് ചെയ്യുന്ന ATM കാർഡ് നമ്പറും രഹസ്യ OTP വരുന്നതുമെല്ലാം അതേപടി തട്ടിപ്പുകാരൻ്റെ കൈയ്യിൽ !!!
നിങ്ങൾ റീച്ചാർജ് ചെയ്യാനായി കാർഡ് ഡിറ്റൈയിൽസ് നൽകുമ്പോൾ തട്ടിപ്പുകാരൻ അതേ സമയം തന്നെ മുൻകൂട്ടി തയ്യാറാക്കി വച്ചിരിക്കുന്ന വ്യാജ ഓൺലൈൻ ഡിജിറ്റൽ വാലറ്റ് / അക്കൗണ്ടുകളിലേക്ക് വലിയ തുകകൾ നിങ്ങളുടെ കാർഡ് നമ്പർ ഉപയോഗിച്ച് മാറ്റാൻ ശ്രമിക്കുകയും നിങ്ങളുടെ മൊബൈലിൽ വരുന്ന രഹസ്യ OTP മെസേജുകൾ ടി സ്ക്രീൻ ഷെയറിംഗ് വഴി കൈക്കലാക്കി വലിയ ധനനഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു!!!
ഓർക്കുക!!!!! നിങ്ങളുടെ വിലപ്പെട്ട സമ്പാദ്യം ഇത്തരത്തിൽ അശ്രദ്ധയും അവിവേകവും കൊണ്ട് നഷ്ടപ്പെടാൻ ഇടവരരുത്!
തട്ടിപ്പിനിരയായാൽ നിങ്ങൾ കൊല്ലം റൂറൽ പോലീസിന്റെ പരിധിയിൽ ആണ് എങ്കിൽ എത്രയും പെട്ടെന്ന് കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
+91 9497907673
cyberpsklmrl.pol@kerala.gov.in