GOOD WORKS
ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയ്ക്ക് പുതുജീവനേകി ഏരൂർ പോലീസ്
ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച് ഏരൂർ പോലീസ്. മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ യുവതിയെ കാണാനില്ല എന്ന പരാതിയിൻമേൽ അന്വേഷണം നടത്തിവരവേ, യുവതി വിളക്കുപാറയിലുളള എണ്ണപ്പന തോട്ടത്തിലെ ആളൊഴിഞ്ഞ വീടിന്റെ റൂഫിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ദൃശ്യം ഗൾഫിലുള്ള ഭർത്താവിനെ വീഡിയോ കോൾ വിളിച്ചു കാണിക്കുകയായിരുന്നു. ആ സമയം തന്നെ ഭർത്താവ് ഏരൂർ ഐ എസ് എച്ച് ഒ ആയ പുഷ്പകുമാറിനെ ഫോണിൽ വിവരം അറിയിച്ചു. തുടർന്ന് ഭർത്താവിൻ്റെ കൂടെ വീഡിയോ കോളിൽ തുടരുന്നതിനു നിർദ്ദേശിക്കുകയും അതേസമയം തന്നെ സ്റ്റേഷനിലെ സി പി ഒ മാരായ നൗഷാദ്, വിജയകുമാർ, വിശാഖ്, രാജേഷ്, വനിതാ സിവിൽ പോലീസ് ഓഫീസർ സഞ്ജു ജേക്കബ് എന്നിവരെ സ്ഥലത്തേക്ക് പോകാൻ ഐ എസ് എച്ച് ഒ നിർദ്ദേശിച്ചയക്കുകയുമായിരുന്നു. പോലീസ് പാർട്ടി സ്ഥലത്തെത്തിയപ്പോൾ കഴുത്തിൽ കയർ കുരുക്കി ആത്മഹത്യ ചെയ്യുന്നതിനായി നിൽക്കുന്ന യുവതിയെ പോലീസിന്റെ അവസരോചിതമായ ഇടപെടലിലൂടെ സമാധാനപ്പെടുത്തി പിന്തിരിപ്പിച്ച് വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.




