GOOD WORKS
ജില്ലയിൽ വീണ്ടും പോലീസിന്റെ ലഹരി വേട്ട; യുവാക്കൾ പിടിയിൽ
കൊല്ലം സിറ്റി പോലീസ് നടത്തിയ ലഹരി വേട്ടയിൽ ലഹരി വ്യാപാര സംഘത്തിൽ ഉൾപ്പെട്ട രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി. മുരുന്തൽ, കുപ്പണ്ണ, താരനിവാസിൽ ഷാനിജിത് മകൻ കിച്ചു എന്ന അഖിൽ ജിത്ത് (26), കരുനാഗപ്പള്ളി, പുതിയകാവ്, ഷീജ മൻസിലിൽ, റഷീദ് മകൻ മുഹമ്മദ് റാഫി (24) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘവും അഞ്ചാലുംമൂട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെ പോലീസ് നടത്തിയ പരിശോധനയിൽ, അഞ്ചാലുംമൂട് സി.കെ.പി ജംഗ്ഷന് സമീപത്ത് നിന്നും അഖിൽ ജിത്തിനെ പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 17 ഗ്രാം എം.ഡി.എം.എ പോലീസ് സംഘം കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ബാംഗ്ലൂരിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൽ എം.ഡി.എം.എ കടത്തിക്കൊണ്ട് വന്ന് ജില്ലയിൽ വിതരണം നടത്തിവന്ന മുഹമ്മദ് റാഫിയെ പറ്റി വിവരം ലഭിച്ചു. ആയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് സംഘം കരുനാഗപ്പള്ളിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. സിന്തറ്റിക്ക് ഡ്രഗ്ഗ് ഇനത്തിൽ പെട്ട മയക്ക് മരുന്ന് കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കും മറ്റും വിതരണം ചെയ്യുന്നതിനായി ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ട് വന്ന് ചെറുകിട ലഹരി കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്ന ആളാണ് മുഹമ്മദ് റാഫി. ആഡംബര ജീവിതം നയിക്കുന്നതിനും എളുപ്പത്തിൽ സമ്പന്നനാകുന്നതിനുമാണ് പ്രതികൾ ലഹരി വ്യാപാരം നടത്തി വന്നത്.
അഞ്ചാലുമൂട്് പോലീസ് ഇൻസ്‌പെക്ടർ ശ്രീകാന്ത് മിശ്രയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ രജീഷ്, അനിൽകുമാർ, പ്രതീപ് കുമാർ , സിപിഒ മാരായ രാജഗോപാൽ, അനസ് മുഹമ്മദ്, ഡ്രൈവർ എ.എസ്.ഐ അനൂജ് എന്നിവർക്കൊപ്പം എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്.