GOOD WORKS

മയക്ക് മരുന്ന് വേട്ട; 19 ഗ്രാം എം.ഡി.എം.എ യുമായി 4 യുവാക്കള്‍ പിടിയില്‍

കണ്ണനല്ലൂരില്‍ പോലീസ് നടത്തിയ മയക്ക് മരുന്ന് വേട്ടയില്‍ 19 ഗ്രാം എം.ഡി.എം.എ യുമായി 4 യുവാക്കള്‍ പോലീസ് പിടിയിലായി. കുഴിമതിക്കാട്, കൊച്ചു തുണ്ടില്‍ വടക്കതില്‍, രത്നാകരന്‍ മകന്‍ ഗോകുല്‍(26), നല്ലില, കാനാവില്‍ വീട്ടില്‍, അലക്സ് മകന്‍ അജിസണ്‍(22), വെള്ളിമണ്‍, മാവിള തെക്കതില്‍ വീട്ടില്‍ പ്രഫുലന്‍ മകന്‍ സിനുമോന്‍(34), വെള്ളിമണ്‍, പോള്‍ മന്ദിരം വീട്ടില്‍ പോള്‍ മകന്‍ പ്രതുഷ്(29) എന്നിവരാണ് ജില്ലാ ഡാന്‍സാഫ് ടീമും കണ്ണനല്ലൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്. കണ്ണനല്ലൂരിലും പരിസര പ്രദേശങ്ങളിലും യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വില്‍പ്പനക്കും വിതരണത്തിനുമായി എത്തിച്ച മാരക ലഹരിമരുന്നായ എം.ഡി.എം.എ ആണ് പിടികൂടിയത്. കണ്ണനല്ലൂര്‍ കേന്ദ്രീകരിച്ച് ലഹരി വിതരണത്തെക്കുറിച്ച് ജില്ലാ പോലീസ് മോധാവി മെറിന്‍ ജോസഫ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് നടത്തിയ രഹസ്യ നീക്കങ്ങളുടെ ഫലമായി കണ്ണനല്ലൂരില്‍ നിന്നും എം.ഡി.എം.എ യും വലിയ ആളവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടികൂടിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ വാണിജ്യാടിസ്ഥാനത്തില്‍ മയക്ക് മരുന്ന് വ്യാപാരം നടത്തി വന്ന സംഘം പിടിയിലായത്. ഇവരില്‍ നിന്നും 19 ഗ്രാം എം.ഡി.എം.എ യും 4 ഗ്രാം ഗഞ്ചാവും പോലീസ് പിടികൂടുകയും ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യ്തു. ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് എസ്.ഐ ഷിഹാസിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം അംഗങ്ങളും ചാത്തന്നൂര്‍ എസിപി ഗോപകുമാറിന്‍റെ നിര്‍ദ്ദേശാനുസരണം കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജയകുമാര്‍, എസ്.ഐ പ്രതീപ്കുമാര്‍ സിപിഒ മാരായ ഹുസൈന്‍, ദിനേഷ്, രതീഷ് എന്നിവരും അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

സിറ്റി പോലീസിന്‍റെ ആന്‍റിനര്‍ക്കോട്ടിക്ക് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളുടെ ഫലമായി കഴിഞ്ഞ എട്ടുമാസത്തിനിടയില്‍ മാരക ലഹരിമരുന്നായ ഒരു കിലോയിലധികം എം.ഡി.എം.എ ആണ് പിടികൂടാനായത്. വിദ്യാര്‍ത്ഥികളും യുവജനങ്ങളും പോലീസിന്‍റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും ക്യാമ്പസുകളിലും മറ്റും മയക്ക് മരുന്നുകള്‍ വിതരണം നടത്തുന്ന ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പോലീസിന് കൈമാറണമെന്നും കൊല്ലം സിറ്റി അഡീഷണല്‍ എസ്.പി സോണി ഉമ്മന്‍ കോശി അറിയിച്ചു.