GOOD WORKS
യുവാവിനേയും ഭാര്യയേയും ആക്രമിച്ച സംഭവം; പ്രതികള്‍ അറസ്റ്റില്‍
യുവാവിനേയും ഭാര്യയേയും ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പോലീസ് പിടിയില്‍. മരുതൂര്‍കുളങ്ങര വടക്ക് രമേശ് ഭവനില്‍ അഖില്‍ എന്ന അപ്പു രമേശ് (32), മരുതൂര്‍കുളങ്ങര വടക്ക് രമ്യ ഭവനില്‍ ബിജു (30), നമ്പരുവികാല വെളിയില്‍ വടക്കേത്തറയില്‍ ഹരിലാല്‍ (25) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ അറസ്റ്റിലായത്. അതുല്‍രാജിനും ഭാര്യ പൂജയ്ക്കുമാണ് സാരമായി പരിക്കേറ്റത്. കഴിഞ്ഞ 8 ന് രാത്രിയില്‍ മരുതൂര്‍കുളങ്ങര തെക്ക് കാഞ്ഞിരവേലില്‍ ക്ഷേത്രോത്സവത്തിന് കുടുംബസമേതം എത്തിയതായിരുന്നു അതുല്‍രാജ്. അതുല്‍രാജുമായുള്ള രാഷ്ട്രീയ വിരോധം നിമിത്തം പ്രതികള്‍ സംഘമായി വന്ന് ഇവരെ തടയുകയും അസഭ്യം പറയുകയും ചെയ്തു. ഇവര്‍ തമ്മിലുണ്ടായ വാക്ക്തര്‍ക്കത്തില്‍ പ്രതികള്‍ കൈയില്‍ കരുതിയിരുന്ന ആയുധങ്ങള്‍ കൊണ്ട് മാരകമായി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച അതുല്‍രാജിന്‍റെ ഭാര്യയ്ക്കും മര്‍ദ്ദനം ഏല്‍ക്കുകയുണ്ടായി. അക്രമത്തില്‍ പരിക്കേറ്റ അതുല്‍രാജ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളവരാണ്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജു വി യുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, തോമസ്, വേണുഗോപാല്‍, ഷാജിമോന്‍ എസ്.സി.പി.ഒ രാജീവ് സിപിഓ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.