GOOD WORKS

അമിത വേഗത ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തെ പോലീസ് പിടികൂടി

അമിത വേഗത ചോദ്യം ചെയ്ത യുവാവിനെ വീട്ട്മുറ്റത്ത് കയറി കമ്പിവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തെ കരുനാഗപ്പളളി പോലീസ് പിടികൂടി. വളളികുന്നം കൈപ്പളളി ഭാഗത്ത് കാടുവിനാല്‍ പേരക്കത്തറയില്‍ സത്യന്‍ മകന്‍ സുജിത്ത് (22), സഹോദരന്‍ അജിത്ത് (20), വളളികുന്നം കൈപ്പളളി ഭഗത്ത് കടുവിനാല്‍ അമ്പിളി ഭവനത്തില്‍ അനിരുദ്ധന്‍ മകന്‍ അശ്വനികുമാര്‍ (25), പാവുമ്പാ വില്ലേജില്‍ പാവുമ്പാ വടക്ക്മുറിയില്‍ പ്രസന്ന ഭവനത്തില്‍ പ്രസന്നന്‍ പിളള മകന്‍ അരുണ്‍ (26) എന്നിവരാണ് പോലീസ് പിടിയിലായത്. പാവുമ്പ ശരത് ഭവനില്‍ ശരത്തിന്‍റെ വീടിന് മുന്നിലൂടെ അമിത വേഗതയില്‍ ബൈക്കില്‍ പോയത് ശരത്ത് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ 22 ന് രാത്രി 11.45 മണിക്ക് യുവാക്കളടങ്ങിയ സംഘം ശരത്തിന്‍റെ വീട്ട് മുറ്റത്ത് വന്ന് ശരത്തിനെ കമ്പി വടികൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച ശരത്തിന്‍റെ അമ്മയേയും ബന്ധുവായ യുവാവിനേയും ആക്രമിക്കുകയും വീട് അടിച്ച് തകര്‍ക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ വളളികുന്നത്ത് നിന്നും പിടികൂടുകയായിരുന്നു.

കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരയ അലോഷ്യസ് അലക്സാണ്ടര്‍, കലാധരന്‍ എ.എസ്സ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍, എസ്.സി.പി.ഒ സാബു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.