GOOD WORKS

പോലീസില്‍ പരാതി നല്‍കിയതിലുള്ള വിരോധം; വെട്ടിപരിക്കേല്‍പ്പിച്ച സംഘത്തിലൊരാള്‍ പിടിയില്‍

പോലീസില്‍ പരാതി നല്‍കിയതിന്‍റെ വിരോധത്തില്‍ യുവാവിനെ
വെട്ടിപരിക്കേല്‍പ്പിച്ച സംഘത്തിലെ ഒരാളെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. കരുനാഗപ്പള്ളി കാട്ടില്‍ കടവില്‍ ഷെമീസ് മന്‍സിലില്‍ സമദ് മകന്‍ ഷംനാസ് (30) ആണ് പോലീസിന്‍റെ പിടിയിലായത്. ഒന്നാം പ്രതിയായ ഷംനാസിന് അസ്ലം ഫിനാനസായി കാര്‍ വിറ്റിരുന്നു. എന്നാല്‍ ഇയാള്‍ കാറിന്‍റെ ഫിനാന്‍സ് അടയ്ക്കാതായപ്പോള്‍ അസ്ലം കാര്‍ തിരികെ ലഭിക്കുന്നതിനായി പോലീസില്‍ പരാതി നല്‍കി. ഇതിന്‍റെ വിരോധത്തില്‍ കഴിഞ്ഞ മാസം 4 ന് വൈകുന്നേരം 5 മണിക്ക് ഷംനാസും
സംഘവും കൊച്ചാലുംമൂട് ജംഗ്ഷനില്‍ വെച്ച് വെട്ടുകത്തി ഉപയോഗിച്ച്
വെട്ടുകയും സോഡാകുപ്പി ഉപയോഗിച്ച് തലയിലടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജു വി യുടെ നേതൃത്വത്തില്‍ എസ്.ഐ ശ്രീകുമാര്‍ എ.എസ്.ഐ ഷാജിമോന്‍, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.