GOOD WORKS
കരുനാഗപ്പള്ളിയില്‍ വാഹന മോഷണ സംഘം പിടിയില്‍
ഇരുപതോളം ഇരുചക്ര വാഹനങ്ങള്‍ മോഷണം ചെയ്യ്തതായി കുറ്റസമ്മതം
കരുനാഗപ്പള്ളിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വാഹന മോഷണം നടത്തി വന്ന സംഘം പോലീസ് പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. വള്ളിക്കുന്നം, തളിരാടി, വടക്കാട്ട് വീട്ടില്‍ ബിജു മകന്‍ വിനീത്(19), തൊടിയൂര്‍, വേങ്ങറ, സരസ്വതി ഭവനില്‍ കൃഷ്ണകുമാര്‍ മകന്‍ സപ്രന്‍ എന്ന അഞ്ചന്‍(18), തൊടിയൂര്‍ മുഹമ്മദ് മന്‍സില്‍ ഷെറീഫ് മകന്‍ സാജിദ്(18), തൊടിയൂര്‍, മാലുമേല്‍ ചുണ്ടാന തെക്കതില്‍ രഘു മകന്‍ രജില്‍(18) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കരുനാഗപ്പള്ളി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ നിരന്തരം നിരീക്ഷണം നടത്തിയും സമീപ പ്രദേശങ്ങളിലെ നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് മോഷണ സംഘം പിടിയിലായത്. മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങള്‍ തുച്ഛമായ വിലക്ക് ആക്രി കടകളിലും മറ്റും വില്‍പ്പന നടത്തുകയാണ് ഈ സംഘത്തിന്‍റെ രീതി. ഇത്തരത്തില്‍ വില്‍പ്പന നടത്തുന്ന വാഹനങ്ങല്‍ ഉടന്‍ തന്നെ പൊളിച്ച് സ്പെയര്‍ പാര്‍ട്സുകളാക്കി മാറ്റും. കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമായി ഇരുപതോളം വാഹനങ്ങള്‍ ഇപ്രകാരം മോഷണം നടത്തിയിട്ടുള്ളതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഇവരുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റ് ജില്ലകളിലും പോലീസ് സ്റ്റേഷനുകളിലുമായി ഈ സംഘം ഉള്‍പ്പെട്ട മോഷണ കേസുകളെ സംബന്ധിച്ച വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജു വി യുടെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷമീര്‍, ഷാജിമോന്‍, എസ്സിപിഒ രാജീവ്, ഹാഷിം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.