GOOD WORKS
മയക്ക് മരുന്ന് വ്യാപാര സംഘത്തിലെ പ്രധാനി അറസ്റ്റില്‍
നഗരത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് നടത്തിയ മയക്ക് മരുന്ന് വേട്ടയില്‍ 75 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ മയക്ക് മരുന്ന് വ്യാപാര സംഘത്തിലെ പ്രധാനിയായ സുഡാന്‍ സ്വദേശിയെ ഈസ്റ്റ് പോലീസ് ബാംഗ്ലൂരില്‍ നിന്നും സാഹസികമായി പിടികൂടി. റാമി ഇസുല്‍ദിന്‍ ആദം അബ്ദുള്ള(23) എന്ന സുഡാന്‍ സ്വദേശിയായ യുവാവ് ആണ് പോലീസ് പിടിയിലായത്. ഈ മാസം 8-ാം തീയതി ജില്ലാ ഡാന്‍സാഫ് ടീമും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇരവിപുരം, പട്ടാണിത്തങ്ങള്‍ നഗര്‍, ബാദുഷാ മന്‍സിലില്‍ ഷാജഹാന്‍ മകന്‍ ബാദുഷാ(23) കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റിന് സമീപത്ത് നിന്നും 75 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ന്‍റെ നിര്‍ദ്ദേശപ്രകാരം കൊല്ലം എ.സി.പി പ്രതീപിന്‍റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഇയാളുടെ മയക്ക് മരുന്ന് ഉറവിടത്തെ സംബന്ധിച്ച് നടത്തിയ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് റാമി പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച ഇരുപത്തിയൊന്ന് കാരിയായ ആഗ്നസ് എന്ന യുവതിയെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. യുവതിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ ബാംഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്യാനായത്. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്ക് മരുന്ന് മാഫിയാ സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ റാമി. വ്യാവയായിക അടിസ്ഥാനത്തില്‍ മയക്ക് മരുന്ന് ശേഖരിച്ച് ഇടനിലക്കാര്‍ വഴി മറ്റ് സംസ്ഥാനങ്ങളില്‍ എത്തിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യുന്നതാണ് സംഘത്തിന്‍റെ രീതി. കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ക്യാമ്പസുകളിലും മറ്റും മയക്ക് മരുന്നുകള്‍ വിതരണം നടത്തുന്ന ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ഡാന്‍സാഫ്-9497980220 എന്ന നമ്പറില്‍ ഫോണ്‍ കോളിലുടെയോ വാട്സാപ്പ് സന്ദേശമായോ കൈമാറാവുന്നതാണ്.
വ്യക്തവും കൃത്യവുമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അര്‍ഹമായ പാരിതോഷികങ്ങള്‍ നല്‍കുന്നതാണ്. ലഭിക്കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പിടിച്ചെടുക്കുന്ന ലഹരി വസ്തുവിന്‍റെ അളവിന് ആനുപാതികമായിട്ടായിരിക്കും പാരിതോഷികം നല്‍കുന്നത്. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഡിപിന്‍ വി.ജെ, അശോക് കുമാര്‍, എസ്.സി.പി.ഓ സുമേഷ്, സി.പി.ഓ മാരായ അനു, ബുഷ്റമോള്‍, രമേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.