GOOD WORKS

ജില്ലയിൽ വീണ്ടും രാസ ലഹരി വേട്ട ; യുവാവ് പിടിയിൽ

കൊല്ലം കുമാർ ജംഗ്ഷന് സമീപം പോലീസ് നടത്തിയ പരിശോധനയിൽ വീണ്ടും രാസ ലഹരി വേട്ട. 13 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. ചാത്തന്നൂർ, മീനാട്, പള്ളിവിള പുത്തൻവീട്ടിൽ ഷറഫുദ്ദീൻ മകൻ മുഹമ്മദ് റാഫി(28) ആണ് സിറ്റി ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച ഉച്ചയോടെ പോലീസ് നടത്തിയ പരിശോധനയിൽ കൊല്ലം കുമാർ ജംഗ്ഷന് സമീപത്ത് നിന്നുമാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 13.100 ഗ്രാം എം.ഡി.എം.എ പോലീസ് സംഘം പിടിച്ചെടുത്തു. കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കും മറ്റും വിതരണത്തിനായി ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ട് വന്ന സിന്തറ്റിക്ക് ഡ്രഗ്ഗ് ഇനത്തിൽ പെട്ട മയക്ക് മരുന്നാണ് പിടിച്ചെടുത്തത്. ആഡംബര ജീവിതം നയിക്കുന്നതിനായി ബാംഗ്ലുരിൽ നിന്നും സ്ഥിരമായി വ്യാവസായിക അടിസ്ഥാനത്തിൽ മയക്ക് മരുന്ന് എത്തിച്ച് ജില്ലയിൽ വിതരണം നടത്തിവരികയായിരുന്നു ഇയാൾ. ഇയാളുടെ ലഹരി വ്യാപാര ശൃംഖല മനസ്സിലാക്കിയ കൊല്ലം സിറ്റി അഡീഷണൽ എസ്.പി എംകെ സുൽഫിക്കറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ഡാൻസാഫ് സംഘം കഴിഞ്ഞ കുറച്ച് നാളുകളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ബസിൽ കൊല്ലത്ത് എത്തിയ പ്രതിയെ പോലീസ് സംഘം പിടികൂടി ദേഹപരിശോധന നടത്തിയപ്പോൾ ഒളിപ്പിച്ച നിലയിൽ മയക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു. 
കൊല്ലം എ.സി.പി അനുരൂപിന്റെ നിർദ്ദേശപ്രകാരം ഈസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ദിൽജിത്ത്, ദിപിൻ, ആശാ ചന്ദ്രൻ, എ.എസ്.ഐ നിസാമുദ്ദീൻ സിപിഒ മാരായ അനീഷ്, ശ്രീകുമാർ, രാഹുൽ എന്നിവർക്കൊപ്പം എസ്സ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്.