GOOD WORKS

സ്വകാര്യ ബസ്സില്‍ മോഷണം- അന്യസംസ്ഥാനക്കാരയ രണ്ട് യുവതികളെ പോലീസ് പിടികൂടി

നഗരത്തിലെ സ്വകാര്യ ബസില്‍ മോഷണം നടത്തിയ അന്യസംസ്ഥാനക്കാരികളായ യുവതികളെ പോലീസ് പിടികൂടി. ഇളമ്പളളൂര്‍ അമ്മച്ചിവീട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. കോയമ്പത്തൂര്‍ റെയില്‍വേ കോളനിയില്‍ 24/എ യില്‍ ദേവി മകള്‍ കൗസല്യ (22), റെയിന്‍ബോ കോളനിയില്‍ കറുപ്പന്‍ ഭാര്യ ഭവാനി (28, ശാന്തി) എന്നിവരാണ് പിടിയിലായത്. ഇളംമ്പള്ളൂരില്‍ നിന്നും കൊല്ലത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്ത സരസ്വതി, റഷീദ എന്നീ സ്ത്രീകളുടെ സ്വര്‍ണ്ണമാലകള്‍ പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് ഇവര്‍ പിടിയിലായത്. കടപ്പാക്കട വച്ച് സ്വര്‍ണ്ണമാല നഷ്ടപ്പെട്ട സരസ്വതി ബസില്‍ കരഞ്ഞ് നിലവിളിച്ചതിനെ തുടര്‍ന്ന് അടുത്തിരുന്ന റഷീദയുടെ മാലയും നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടു. ഈ സമയം ശങ്കേഴ്സ് ആശുപത്രി ജംഗ്ഷനില്‍ എത്തിയ ബസില്‍ നിന്നും പ്രതികളായ സ്ത്രീകള്‍ തിടുക്കപ്പെട്ട് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. സംശയം തോന്നിയ യാത്രക്കാരായ സ്ത്രീകളും ബസ് ജീവനക്കാരും ചേര്‍ന്ന് ഇവരെ തടഞ്ഞ് വച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പിങ്ക് പോലീസും കൊല്ലം ഈസ്റ്റ് പോലീസും ചേര്‍ന്ന് ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. പൊട്ടിയ സ്വര്‍ണ്ണമാലകള്‍ പോലീസ് കണ്ടെടുത്തു. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്.ആറിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ ബാലചന്ദ്രന്‍, അഷറഫ്, എ.എസ്.ഐ മിനുരാജ്, എസ്.സി.പി.ഒ ജലജ, സി.പി.ഓ സജീവ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.