NOTIFICATIONS

കൊല്ലം സിറ്റി പോലീസിന്റെ 'ഹോപ്പ്' പദ്ധതിക്ക് തുടക്കമായി

ജീവിത സാഹചര്യങ്ങൽ കൊണ്ട് പഠനം നിർത്തിയവർ, SSLC, +2 തോറ്റ കുട്ടികൾ എന്നിവർക്കായി കൗൺസിലിംഗ്, മോട്ടിവേഷൻ, ട്യൂഷൻ, മറ്റ് പഠന സഹായങ്ങൾ എന്നിവ നൽകി പരീക്ഷകൾ ജയിക്കുന്നതിനും ജീവിതത്തിൽ മുൻനിരയിലേക്ക് എത്തിക്കുന്നതിനും വേണ്ടിയുള്ള പോലീസിന്റെ പദ്ധതിയാണ് 'ഹോപ്പ്'. 2021-22 അദ്ധ്യയന വർഷത്തേക്കുള്ള 'ഹോപ്പ്' പദ്ധതിയുടെ ഉത്ഘാടനം കൊല്ലം സിറ്റി പോലീസ് അഡീഷണൽ സൂപ്രണ്ട് ശ്രീ. ജോസി ചെറിയാൻ നിർവ്വഹിച്ചു. സിറ്റി പോലീസ് ട്രെയിനിംഗ് സെന്ററിൽ കൂടിയ യോഗത്തിൽ കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് എസിപി ശ്രീ. സോണി ഉമ്മൻ കോശി അദ്ധ്യക്ഷത വഹിച്ചു. കൊല്ലം കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. ഉദയകുമാർ മുഖ്യപ്രഭാഷണം നടത്തി. കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം സിറ്റി പ്രസിഡന്റ് ആർ. ജയകുമാർ, സെക്രട്ടറി എം സി പ്രശാന്തൻ, പോലീസ് അസോസിയേഷൻ കൊല്ലം സിറ്റി സെക്രട്ടറി ഷഹീർ, കുരീപ്പുഴ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ഡോ. കെ. എസ്. ജയചന്ദ്രൻ (സൈക്കോളജിസ്റ്റ്) സ്വാഗതവും കേരളാ പോലീസ് അസോസിയേഷൻ കൊല്ലം സിറ്റി പ്രസിഡന്റ് വിജയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന മോട്ടിവേഷൻ ക്ലാസ് ക്ലാഡറ്റ് ലാംബർട്ട്, ഡോ. പാർവ്വതി, ശോഭ എന്നിവർ നയിച്ചു. 'ഹോപ്പ്' പദ്ധതിയിൽ ചേർന്ന 20 കുട്ടികളും അവരുടെ രക്ഷിതാക്കളും പോലീസുദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.