GOOD WORKS

കമ്പിവടി ഉപയോഗിച്ച് മർദ്ദിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

തിരുമുല്ലാവാരം ക്ഷേത്രത്തിന് സമീപം ബൈക്ക് തടഞ്ഞ് നിർത്തി യാത്രക്കാരെ കമ്പിവടി ഉപയോഗിച്ച് മർദ്ദിച്ച് പരിക്കേൽപ്പിച്ച യുവാവ് പിടിയിലായി. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ മനയിൽകുളങ്ങര കല്ലുംപുറത്ത് വീട്ടിൽ അനിൽകുമാർ മകൻ അനന്തു(32) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര കന്നിമേൽച്ചേരി സ്വദേശി വിദ്യാസാഗർ(45) നെയും സുഹൃത്തായ പ്രശാന്തിനേയുമാണ് ഇയാൾ മർദ്ദിച്ച് പരിക്കേൽപ്പിച്ചത്. ശനിയാഴ്ച രാത്രി 11.00 മണിയോടെ സുഹൃത്തിനൊപ്പം ബൈക്കിൽ വരുകയായിരുന്ന വിദ്യാസാഗറിനെ തിരുമുല്ലാവാരം ക്ഷേത്രത്തിന് സമീപത്തുള്ള റോഡിൽ വച്ച് ഇയാൾ തടഞ്ഞ് നിർത്തി കമ്പിവടി ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാസാഗർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യ്ത് ഇയാളെ പിടികൂടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കൊല്ലം വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ഷാഫിയുടെ നേതൃത്വത്തിൽ, എസ്.ഐ സന്തോഷ് എസ്.സി.പി.ഒ ശ്രീലാൽ  സി.പി.ഒ മാരായ ഷമീർ, സലീം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യ്തു.