GOOD WORKS

പെട്രോള്‍ പമ്പില്‍ നിന്നും പണം മോഷ്ടിച്ചയാള്‍ പോലീസ് പിടിയിൽ

കൊല്ലം തോപ്പില്‍കടവിലുളള പെട്രോള്‍ പമ്പിലെ ക്യാബിനില്‍ നിന്നും പണം കവര്‍ന്നയാളെ പോലീസ് പിടികൂടി. ശക്തികുളങ്ങര കുരൂപ്പുഴ മാമ്മൂട്ടില്‍കടവ് വടക്കേറ്റത്ത് വീട്ടില്‍ ശ്രീധര്‍ മകന്‍ വിഷ്ണു (30) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞമാസത്തിലെ അവസാന ദിവസം ഇയാള്‍ പമ്പിലെത്തി വാഹനത്തില്‍ പെട്രോള്‍ നിറച്ചതിന് ശേഷം മടങ്ങി പോകാന്‍ ശ്രമിച്ചപ്പോള്‍ പമ്പ് ജീവനക്കാര്‍ ഇയാളെ തടഞ്ഞ് വച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പമ്പിലേല്‍പ്പിച്ച് തിരികെ പോവുകയായിരുന്നു. രണ്ടാം തീയതി മടങ്ങി വന്ന് ഇയാള്‍ പണം നല്‍കി. ജീവനക്കാരന്‍ ക്യാബിനില്‍ നിന്നും മൊബൈല്‍ വാങ്ങിക്കാന്‍ ഇയാളെ ക്യാബിനിലേക്ക് അയച്ചു. ക്യാബിനില്‍ കടന്ന ഇയാള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്ന് സ്ഥലത്ത് നിന്നും മടങ്ങുകയായിരുന്നു. ക്യാബിനില്‍ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ മോഷണം പോയതായി ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ കൊല്ലം വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ട ഇയാള്‍ അവിടെ വച്ച് വാഹനപകടത്തില്‍ പെടുകയായിരുന്നു. ആശുപത്രിയില്‍ നിന്നും വിടുതല്‍ വാങ്ങിയ ഇയാളെ കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ഷെഫീക്ക് ബി യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ശ്യാംകുമാര്‍, എ.എസ്.ഐ മാരായ നിസാം, സി.പി.ഒ സെബാസ്റ്റ്യന്‍, ദീപു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.