GOOD WORKS

വിദേശത്തേക്കുള്ള വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്യ്ത് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

വിദേശത്തേക്കുള്ള വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്യ്ത് കൊല്ലം സ്വദേശിനികളായ യുവതികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ആൾ പിടിയിലായി. കർണ്ണാടക സ്വദേശിയായ ഷാജഹാൻ (38) നെയാണ് കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യ്തത്. യുവതികൾക്ക് ഇംഗ്ലണ്ടിൽ ഡേ കെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിന് ആവശ്യമായ വിസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് 2022 നവംബർ മാസം മുതൽ 2023 ജനുവരി വരെയുള്ള കാലയളവിൽ പല തവണകളായി 215000/- രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പണം നൽകിയ ശേഷവും വിസ ലഭിക്കാതായതോടെ പാസ്‌പോർട്ടും നൽകിയ പണവും തിരികെ ആവശ്യപ്പെട്ടിട്ടും പ്രതി അവ നൽകാൻ തയ്യാറായില്ല. തുടർന്ന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സമാനമായ തട്ടിപ്പ് നടത്തിയതിന് ഇയാളെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്യ്തിട്ടുള്ളതായും കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-1 ഇയാളെ റിമാന്റ് ചെയ്യ്തിട്ടുള്ളതായും അറിയാൻ കഴിഞ്ഞു. തുടർന്ന് കൊല്ലം വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ഷാഫിയുടെ നേതൃത്വത്തിൽ, എസ്.ഐ മാരായ സന്തോഷ് കുമാർ, ഹസൻ കുഞ്ഞ് സിപിഒ അനിൽ എന്നിവരടങ്ങിയ സംഘം മൂവാറ്റുപുഴ സബ്ബ് ജയിലിൽ റിമാന്റിൽ കഴിഞ്ഞ് വന്ന ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.