GOOD WORKS

വെട്ടേറ്റ്  യുവാവ് മരണപ്പെട്ട സംഭവം -  24 മണിക്കൂറിനുള്ളിൽ പ്രതികൾ അറസ്റ്റിൽ

കുന്നിക്കോട്: ഗുരുതരമായി പരിക്കേറ്റ നിലയിൽ കോക്കാട് തലച്ചിറ റോഡരികിൽ കാണപ്പെട്ട വെട്ടിക്കവല മഹേഷ് ഭവനിൽ മനോജ് (38) ന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ രണ്ടു പേരെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. 08/04/2022 തീയതി വെള്ളിയാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. കോക്കാട് ആയിരവില്ലി ക്ഷേത്രത്തിലെ ഘോഷയാത്ര കടന്നു പോയതിനു പിന്നാലെയാണ് തലക്കും കൈക്കും ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിൽ റോഡരുകിൽ മനോജിനെ കാണപ്പെട്ടത്. നാട്ടുകാർ ചേർന്നാണ്  മനോജിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മനോജ് മരണപ്പെട്ടു. വാഹനാപകടത്തിൽ പരിക്ക് പറ്റി എന്ന സംശയത്തിൽ ആയിരുന്നു നാട്ടുകാർ മനോജിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ അപ്രകാരമാണ് രേഖപ്പെടുത്തിയത്. പരിക്കിന്റെ  സ്വഭാവമാണ് കൊലപാതക സൂചന നൽകിയത്. തുടർന്ന് പോലീസ് സംഭവസ്ഥലം സീൻ ഗാർഡ് ചെയ്ത് സംഭവസ്ഥലത്ത് നിന്നും സയന്റിഫിക്ക് ഉദ്യോഗസ്ഥരുടേയും, ഫോറൻസിക്ക് വിദഗ്ധരുടേയും, ഡോഗ് സ്ക്വാഡിന്റേയും സഹായത്താൽ പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് സർജൻ നടത്തിയ പരിശോധനയലാണ്  മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് തലയ്ക്ക് വെട്ടിയതുമൂലമുള്ള ഗുരുതരമായ പരിക്കാണ് മരണ കാരണം എന്ന് വ്യക്തമായത്. തുടർന്നുള്ള അന്വേഷണത്തിൽ, മരണപ്പെട്ട മനോജ് ഉൾപ്പെട്ട സംഘം 2016-ൽ പ്രദേശവാസിയായ സജി എന്ന യുവാവിനെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു എന്നും, ആ സംഭവത്തിൽ സജിയുടെ വലത് മോതിര വിരൽ വെട്ടിമാറ്റിയിരുന്നു, അതിന്റെ പ്രതികാര നടപടിയായിട്ടാണോ  ഈ സംഭവം നടന്നിട്ടുള്ളത് എന്നുള്ള അന്വേഷണത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയും, തുടർന്ന് പഴുതുകൾ അടച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ചുരുങ്ങിയ സമയം കൊണ്ട്  പിടിയിലായത്. ഒന്നാം പ്രതി ചക്കുവരയ്ക്കൽ വില്ലേജിൽ കോക്കാട് മുറിയിൽ സുജാ ഭവനിൽ പുരുഷോത്തമൻ മകൻ സജി (45), രണ്ടാം പ്രതി ചക്കുവരയ്ക്കൽ വില്ലേജിൽ കോക്കാട് മുറിയിൽ അഭിലാഷ് ഭവനിൽ ആൽബർട്ട് മകൻ അനിമോൻ എന്നു വിളിക്കുന്ന അനിലേഷ് (39) എന്നിവരാണ് അറസ്റ്റിലായത്.  08/04/2022 തീയതി കോക്കാട് ആയിരവില്ലി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പ്രതികൾ ഒത്തു കൂടിയിരുന്ന കടയ്ക്ക് മുന്നിലൂടെ മനോജ് കടന്നു പോകുമ്പോൾ മദ്യലഹരിയിലായിരുന്ന സജിയെ മനോജ് അസഭ്യം വിളിച്ചതിൽ പ്രകോപിതനായ സജി സുഹൃത്തും ബന്ധുവുമായ അനിലേഷിനോട് വിവരം പറയുകയും, സജിയുടെ വാഹനത്തിൽ കരുതിയിരുന്ന മഴുവുമായി അനിലേഷിന്റെ സ്കൂട്ടറിൽ കയറി മനോജിനെ പിന്തുടർന്ന് കോക്കാട് പെട്രോൾ പമ്പിന് സമീപമെത്തിയപ്പോൾ സജി വാഹനത്തിൽ നിന്നിറങ്ങി മനോജുമായി വാക്ക് തർക്കത്തിലേർപ്പെടുകയും കയ്യിൽ കരുതിയിരുന്ന മൂർച്ചയേറിയ മഴു ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയും, വെട്ടുകൊണ്ട് തറയിൽ വീണ മനോജിന്റെ ഇടതു കൈയ്യുടെ ചൂണ്ട് വിരൽ വെട്ടി മാറ്റുകയും കൈ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. 2016-ൽ മനോജും സംഘവും സജിയെ വെട്ടിപ്പരിക്കേൽപ്പിച്ചതിലും സജിയുടെ വിരൽ വെട്ടി മുറിച്ച് മാറ്റിയതിലുമുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.  തുടർന്ന് ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുന്നതിലേക്ക് ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ബി. രവി IPS ന്റെ നിർദ്ദേശ പ്രകാരം, കൊട്ടാരക്കര ഡി.വൈ.എസ്.പി. ആർ.സുരേഷിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിക്കുകയും കുന്നിക്കോട് എസ്.എച്ച്.ഒ പി.ഐ. മുബാറക്ക്, ഇൻസ്പെക്ടർമാരായ ശിവപ്രകാശ്, ജോസഫ് ലിയോൺ, ബിജു, സബ്ബ് ഇൻസ്പെക്ടർമാരായ വൈശാഖ് കൃഷ്ണൻ, ബൈജു എം മീര, സലാഹുദീൻ, സജി ജോൺ, ജോയി, സ്പെഷൽ ബ്രാഞ്ച് സബ്ബ് ഇൻസ്പെക്ടർ ഗോപകുമാർ, അസി. സബ്ബ് ഇൻസ്പെകടർമാരായ ലാലു, ഗോപകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അംബികാകുമാരി, സന്തോഷ് കുമാർ, സി.പി.ഒ മാരായ അഭിലാഷ്, വിനേഷ്, ബിനു എന്നിവരും കൊല്ലം റൂറൽ  DANSAF അംഗങ്ങളായ എസ്.ഐ ശിവശങ്കരപ്പിള്ള, എ.എസ്.ഐ രാധാകൃഷ്ണപിള്ള, സി.പ.ഒ ബിജോ എന്നിവരും വിവിധ സംഘങ്ങളായി തിരിഞ്ഞ്  നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതിയെ എറണാകുളത്ത് നിന്നും രണ്ടാം പ്രതിയെ ഇടമണ്ണിൽ നിന്നും അറസ്റ്റ് ചെയതത്.