GOOD WORKS
ഉത്സവപറമ്പില്‍ പോലീസിനെ ആക്രമിച്ച സംഘത്തിലെ പ്രധാന പ്രതിയടക്കം മൂന്ന് പേര്‍ കൂടി പിടിയിലായി
ഉത്സവപറമ്പില്‍ പോലീസിനെ ആക്രമിച്ച സംഘത്തിലെ പ്രാധാനിയടക്കം മൂന്ന് പേരെ കൂടി ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പളളി ആലപ്പാട് ശ്രായിക്കാട് പുതുവല്‍ പുരയിടത്തില്‍ ഷണ്‍മുഖന്‍ മകന്‍ ഷാന്‍ (36), ആലപ്പാട് അഴീക്കല്‍ സ്വദേശികളായ കൊച്ച്തോട്ടത്തില്‍ വീട്ടില്‍ സരസന്‍ മകന്‍ വിഷ്ണു(36), പണ്ടകശാലയില്‍ രഘു മകന്‍ അച്ചു (25) എന്നിവരാണ് പോലീസ് പിടിയിലായത്. ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട് ഗാനമേള, മുന്‍നിശ്ചയ പ്രകാരം രാത്രി 11.30 മണിക്ക് അവസാനിപ്പിച്ചു. എന്നാൽ ഒരു വിഭാഗം ആൾക്കാർ, ക്ഷേത്ര ഉത്സവകമ്മറ്റിയുടെ തീരുമാനം ചോദ്യം ചെയ്യുകയും ഗാനമേള സംഘത്തിനോട് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട് വീണ്ടും ഒരു മണി വരെ ഗാനമേള തുടരാന്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുകയും ചെയ്തു. ക്ഷേത്രഭാരവാഹികളുടെ പരാതിയില്‍ ക്രമസമാധാന പാലനത്തിനായി സ്ഥലത്തുണ്ടായിരുന്ന ഓച്ചിറ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുളള പോലീസ് സംഘം ഗാനമേള സംഘത്തിന്‍റെ രക്ഷയ്ക്ക് എത്തുകയായിരുന്നു. ഇതില്‍ കുപിതരായ ഷാനിന്‍റെ നേതൃത്വത്തിലുളള സംഘം പോലീസിനെ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു. സംഭവത്തില്‍ പരിക്കേറ്റ ഓച്ചിറ പോലീസ് സ്റ്റേഷന്‍ സി.പി.ഒ ശിവപ്രസാദിനെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യായവിരോധമായി സംഘം ചേര്‍ന്ന് പോലീസുദ്ദ്യോഗസ്ഥരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച് ഡ്യൂട്ടി തടസം ചെയ്തതിന് ഓച്ചിറ ഇന്‍സ്പെക്ടര്‍ പി.വിനോദിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്യ്ത കേസിലാണ് അറസ്റ്റ്. അക്രമത്തിലുള്‍പ്പെട്ട നാല് പേരെ സംഭവ ദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. ഓച്ചിറ ഇന്‍സ്പെക്ടര്‍ പി.വിനോദിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ നിയാസ്, സതീഷ്കുമാര്‍, ദിലീപ്, എ.എസ്.ഐ മാരായ സന്തോഷ്, വേണുഗോപാല്‍, സി.പി.ഒ മാരായ കനീഷ്, രഞ്ജിത്ത് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.