GOOD WORKS

ഇന്ത്യൻ ആർമിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

പത്തനാപുരം: ഇന്ത്യൻ മിലിറ്ററി സർവീസിൽ ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റിധരിപ്പിച്ച് ഇന്ത്യൻ ആർമിയിൽ ജോലി വാഗ്ദാനം ചെയ്ത് പത്തനാപുരം പട്ടാഴി  സ്വദേശിയിൽ നിന്നും നാലു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയായ അടൂർ മൂന്നാളം ചരുവിളയിൽ വീട്ടിൽ പ്രേംചന്ദ് മകൻ 29 വയസ്സുള്ള ദീപക് പി ചന്ദിനെയാണ് പത്തനാപുരം പോലീസ് അറസ്റ്റ്  ചെയ്തത്. മുൻപ് ആർമി ഉദ്യോഗസ്ഥൻ ആയിരുന്ന ഇയാൾ രണ്ട് കൊല്ലം മുൻപ് ഇന്ത്യൻ ആർമിയിൽ നിന്നും ഒളിച്ചോടുകയും ആയതിന് നടപടി നേരിട്ട് വരുകയുമാണ്. ഇതിന് ശേഷം ഇയാൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ താമസിച്ച് താൻ പ്രധാനമന്ത്രിയുടെ സെക്യൂരിറ്റി സ്റ്റാഫിൽ അംഗമാണ് എന്ന് പറഞ്ഞും, ആർമിയിൽ ജോലി വാങ്ങി നൽകാം എന്നും പറഞ്ഞ് വിശ്വസിപ്പിച്ച്  പലരിൽ നിന്നും  ലക്ഷങ്ങൾ തട്ടിപ്പ് നടത്തി വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സ്റ്റാർ ഹോട്ടലുകളിൽ താമസിച്ച് ആഡംബര ജീവിതം നടത്തി വരുകയായിരുന്നു. പത്തനാപുരം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ പരാതി ലഭിച്ചതിനെ തുടർന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ബി രവി ഐ.പി.എസ് ന്റെ നിർദ്ദേശ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പുനലൂർ ഡി.വൈ.എസ്.പി  ബി വിനോദിന്റെ മേൽനോട്ടത്തിൽ പത്തനാപുരം എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എറണാകുളം ജില്ലയിൽ ഒളിവിൽ കഴിഞ്ഞ് വന്ന പ്രതിയെ പത്തനാപുരം പോലീസ് സ്റ്റേഷൻ എസ്.ഐ അരുൺ ജെ.പി, സി.പി.ഒ മാരായ മനീഷ്, ഹരിലാൽ എന്നിവർ ചേർന്ന് അതിസാഹസികമായി അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റു രണ്ടു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമായി നടക്കുന്നതായി പത്തനാപുരം എസ്.എച്ച്.ഒ അറിയിച്ചു. പിടിയിലായ ദീപക് പുൽപ്പള്ളി സ്റ്റേഷനിൽ സമാന കേസിൽ പ്രതിയായിട്ടുള്ളതും, ആറന്മുള, അടൂർ പോലീസ്  സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതികൾ ഉള്ളതായും അറിവായിട്ടുണ്ട്. ശൂരനാട് സ്റ്റേഷനിൽ അടിപിടി കേസിൽ പ്രതിയുമായിട്ടുള്ള ആളാണ് ദീപക്.