GOOD WORKS
SWANTHANA SPARSAM
ഇതു വെറും പോലീസല്ല; സാന്ത്വനസ്പര്‍ശം, തൊണ്ണൂറ്റിമൂന്നു വയസുള്ള ചാത്തുക്കുട്ടിക്കും ഭാര്യ കാളിക്കുട്ടിക്കും തുണയേകി ജനമൈത്രി പോലീസെത്തി!
തൊണ്ണൂറ്റിമൂന്നു വയസുള്ള ചാത്തുക്കുട്ടിക്കും ഭാര്യ കാളിക്കുട്ടിക്കും തുണയേകി ജനമൈത്രി പോലീസെത്തി. ചെറുപ്രായത്തില്‍തന്നെ മക്കളെ നഷ്ടപ്പെട്ട് ഒറ്റയ്ക്കായിപ്പോയ വൃദ്ധദമ്പതികളുടെ കൂരയിലേക്കു സുഖാന്വേഷണങ്ങളുമായി എത്തിയ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ ഇപ്പോഴിവര്‍ക്കു മക്കള്‍ക്കു തുല്യം. അരിമ്പൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ വെളുത്തൂര്‍ മുനയത്താണു കരിയാട്ടില്‍ ചാത്തക്കുട്ടിയുടെയും കാളിക്കുട്ടിയുടെയും കൂര.
രണ്ടു പെണ്‍മക്കളായിരുന്നു ഇവരുടെ ആകെ സമ്പാദ്യം. ഇന്ദിരയും ഗിരിജയും. മൂത്തവള്‍ എട്ടാം വയസിലും ഇളയവള്‍ മൂന്നാം വയസിലും മരിച്ച കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ വൃദ്ധയായ അമ്മ വാക്കുകള്‍ കിട്ടാതെ വിതുമ്പിയതോടെ ആലപ്പുഴ ജില്ലക്കാരായ ആ രണ്ട് പോലീസുകാരും ചാത്തുക്കുട്ടിക്കും കാളിക്കുട്ടിക്കും പിറക്കാതെ പോയ മക്കളായി.
കൊച്ചു കളിതമാശകള്‍ പറഞ്ഞും ചേര്‍ത്തുപിടിച്ചും ഇരുവരുടെയും ദുഃഖം അവര്‍ മാറ്റിയെടുത്തു. 'ഒന്നുകൊണ്ടും പേടിക്കണ്ട. നിങ്ങളെപ്പോലെ മറ്റാരും സംരക്ഷകരായി ഇല്ലാത്തവരെ ഒരു പോറല്‍പോലുമേല്‍ക്കാതെ സംരക്ഷിക്കാനാണ് ജനമൈത്രി പോലീസാക്കി ഞങ്ങളെ സര്‍ക്കാര്‍ ചുമതലയേല്‍പ്പിച്ചിരിക്കുന്നതെന്ന്' ആശ്വസിപ്പിച്ചു. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന ഇവരുടെ വീടിന് പകരം സര്‍ക്കാര്‍ നല്‍കുന്ന വീടിന്റ അവസാന മിനുക്കുപണികള്‍ മാത്രമെ ബാക്കിയുള്ളു.
ഇപ്പോള്‍ ഇവര്‍ താമസിക്കുന്നത് താല്‍ക്കാലികമായി നിര്‍മിച്ച കൂരയിലാണ്. പുതിയ വീട്ടിലേക്കുള്ള ഗ്യാസ് അടുപ്പ് ഞങ്ങള്‍ വാങ്ങിത്തരാമെന്ന് പോലീസുകാര്‍ സന്തോഷത്തോടെ അറിയിച്ചപ്പോള്‍ 'അത് കത്തിക്കാനൊന്നും എനിക്കറിയില്ല മക്കളെ' എന്ന ആധി പറഞ്ഞ് കാളിക്കുട്ടി ചിരിച്ചൊഴിയാന്‍ ശ്രമിച്ചുവെങ്കിലും മുഹമ്മദ് സുഹൈലും ദിലീപ് കുമാറും വിട്ടില്ല. നിങ്ങള്‍ ഗ്യാസ് അടുപ്പ് കത്തിക്കാന്‍ പഠിച്ചാല്‍ അടുപ്പുമായി പാര്‍ക്കലിനു ഞങ്ങളെത്തുമെന്ന് ഉറപ്പു നല്‍കിയാണ് ഇരുവരും പിരിഞ്ഞത്.