GOOD WORKS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശമയച്ച യുവാവിനെ പോലീസ് പിടികൂടി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശമയച്ച യുവാവിനെ പോക്സോ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂര്‍ കോയിപ്പാട് നന്ദനത്തില്‍ മുരളീധരന്‍പിളള മകന്‍ ബിജൂ (38) ആണ് പോലീസ് പിടിയിലായത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പതിനാറ്കാരിയുടെ മൊബൈല്‍ നമ്പര്‍ കരസ്ഥമാക്കിയ ഇയാള്‍ ഇതിലൂടെ പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയായിരുന്നു. നമ്പര്‍ ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് വീണ്ടും മറ്റ് നമ്പരുകളില്‍ നിന്നും അശ്ലീല സന്ദേശമയക്കുകയും വിദ്യാലയത്തിലേക്ക് പോകുന്ന പെണ്‍കുട്ടിയെ നിരന്തരം പിന്തുടരുകയും ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും പോലീസ് സഹായം തേടുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിക്ക് പ്രത്യേക പരിഗണന നല്‍കി ചാത്തന്നൂര്‍ അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം ഇയാളുടെ മൊബൈല്‍ ഫോണ്‍ ട്രെയ്സ് ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. ചാത്തന്നൂര്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ബി.ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണ്‍, എസ്.ഐ മാരായ ഹരിലാല്‍, അനില്‍കുമാര്‍ എസ്.സി.പി.ഒ മാരായ സന്തോഷ്, ആന്‍റണി, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.