GOOD WORKS

ചവറയില്‍ പോലീസിന്‍റെ വന്‍ ലഹരി വേട്ട- 208 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

മാരക ലഹരി മരുന്നായ എം.ഡി.എം.എയും ഗഞ്ചാവുമായി 3 യുവാക്കള്‍ ചവറ പോലീസിന്‍റെ പിടിയില്‍. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ എം.ഡി.എം.എയും ഗഞ്ചാവുമായി 2 വിദ്ധ്യാര്‍ത്ഥികളെ പോലീസ് പിടികൂടിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ചവറ പോലീസും ജില്ലാ ആന്‍റി നര്‍ക്കോട്ടിക്ക് വിഭാഗവും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ 208 ഗ്രാം എംഡിഎംഎ യും 33.8 ഗ്രാം ഗഞ്ചാവുമായി 3 യുവാക്കള്‍ പോലീസിന്‍റെ പിടിയിലായത്. കൊല്ലം കാവനാട് ആമിന മന്‍സിലില്‍ അബ്ദുള്‍ കലാം മകന്‍ നജ്മല്‍ (23), ഉമയനല്ലൂര്‍, സെയ്തലി വില്ലയില്‍, ലത്തീഫ് മകന്‍ സെയ്താലി (22), വെള്ളിമണ്‍, അല്‍ത്താഫ് മന്‍സിലില്‍ ഷെരീഫ്കുട്ടി മകന്‍ അല്‍ത്താഫ്(22) എന്നിവരാണ് ചവറ പോലീസിന്‍റെ പിടിയിലായത്. ഏകദേശം ഇരുപത്ലക്ഷം രൂപയോളം വിലമതിക്കുന്ന മാരക ലഹരി മരുന്നാണ് ഇവരില്‍ നിന്നും പോലീസ് പിടികൂടിയത്. തെക്കന്‍ കേരളത്തില്‍ പോലീസ് നടത്തുന്ന ഏറ്റവും ഉയര്‍ന്ന അളവിലുള്ള മയക്ക് മരുന്ന് വേട്ടയാണ് ഇത്.
ബാംഗ്ലൂരില്‍ നിന്നും കൂടിയ അളവില്‍ ലഹരിവസ്തുക്കള്‍ ഇവര്‍ നാട്ടിലെത്തിച്ചു വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതായി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ച് എസിപി സക്കറിയ മാത്യുവിന്‍റെ നിയന്ത്രണത്തിലുള്ള ഡാന്‍സാഫ് ടീം കഴിഞ്ഞ കുറച്ച് നാളുകളായി നടത്തി വന്ന  നിരീക്ഷണത്തിനൊടുവിലാണ് ഇവരെ പിടികൂടാനായത്. കാറില്‍ ബാംഗ്ലൂരില്‍ നിന്നും ലഹരി വസ്തുക്കളുമായി എത്തിയ ഇവരെ ചവറ പാലത്തില്‍ വച്ച് ചവറ പോലീസും ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ പിടികൂടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച് വന്ന വാഹനത്തിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. പ്രധാനമായും കൊല്ലം, ഓച്ചിറ, ശക്തികുളങ്ങര, ചവറ, കരുനാഗപ്പള്ളി, ചാത്തന്നൂര്‍, പാരിപ്പള്ളി എന്നീ മേഖലകളിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളേയും മറ്റ് യൗവ്വനക്കാരേയും ലക്ഷ്യമിട്ട് എത്തിച്ച ലഹരി മരുന്നാണ് പിടികൂടാനായത്. പ്രതികള്‍ സ്ഥിരമായി പല കാറുകള്‍ വാടകക്ക് എടുത്താണ് ബാംഗ്ലൂരില്‍ നിന്നും ലഹരി മരുന്നുകള്‍ എത്തിച്ചിരുന്നത്. അര ഗ്രാമിന്‍റെ വീതമുള്ള  ചെറിയ പൊതികളിലാക്കി ഇരട്ടിയിലധികം രൂപയ്ക്ക് വില്‍പ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ഇവര്‍ ലഹരി വ്യാപാരം നടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ ഏകദേശം രണ്ടായിരത്തോളം യുവജനങ്ങളിലേക്ക് എത്താമായിരുന്ന ലഹരിയുടെ ഒഴുക്കാണ് 
വിദ്യാര്‍ത്ഥികളേയും യൗവ്വനക്കാരെയും ലഹരിയുടെ കാണാക്കയങ്ങളിലേക്ക് സ്ഥിരമായി തള്ളിവിടാന്‍ ഉതകുന്ന എംഡിഎംഎയുടേയും മറ്റ് ന്യൂ ജനറേഷന്‍ സിന്തറ്റിക്ക് ലഹരിമരുന്നുകളുടേയും ജില്ലയിലെ വിതരണ ശൃംഖല തകര്‍ക്കുന്നതിനായി പോലിസ് നടത്തി വരുന്ന നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് ഇത്തരം ലഹരി വ്യാപാര സംഘങ്ങളെ പിടികൂടാന്‍ സാധിക്കുന്നത്. പിടികൂടിയ എം.ഡി.എം.എ ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. കരുനാഗപ്പള്ളി അസിസ്റ്റന്‍റ് കമ്മീഷണര്‍ വി എസ് പ്രദീപ്കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം ചവറ ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാര്‍ യുപി യുടെ  നേതൃത്വത്തില്‍ എസ്.ഐ മാരായ നൗഫല്‍, ഗോപാലകൃഷ്ണന്‍, ഓമനക്കുട്ടന്‍, എഎസ്ഐ സജികുമാര്‍, സിപിഓ മാരായ രാജീവ്രാജ്, ജയകൃഷ്ണന്‍ എന്നിവരും ജില്ലാ സ്പെഷ്യല്‍ ബ്രഞ്ച് എസ്.ഐ ആര്‍.ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം അംഗങ്ങളായ  ജിഎസ്ഐ ബൈജു പി ജെറോം, എസ്.സി.പി.ഒ മാരായ സജു, സീനു, മനു, രിപു, രതീഷ്, എന്നിവരും അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.