GOOD WORKS
good works
ഇന്ന് കാലത്ത് ചെറുതുരുത്തിയിൽ നിന്നും ഡ്യൂട്ടികഴിഞ്ഞ് സ്റ്റേഷനിലേക്ക് മടങ്ങും വഴിയാണ് കലാമണ്ഡലത്തിനു സമീപമുള്ള ഫ്രൂട്ട്സ് ഷോപ്പിലേക്ക് അല്പം ഫ്രൂട്ട്സ് വാങ്ങിക്കുന്നതിനായി ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഹുസൈനാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ രംഗരാജ്, സിവൽ പോലീസ് ഓഫീസർമാരായ ശ്രീദീപ്, രതീഷ് എന്നിവർ കയറിയത്. ഫ്രൂട്ട്സ് വാങ്ങുന്നതിനിടയിലാണ് 70 വയസ്സോളം പ്രായമുള്ള ഒരാൾ കടയിലേക്കുകയറിവന്നത്. അല്പസമയം ഫ്രൂട്ട്സ് നോക്കി നിന്നിരുന്ന അയാൾ പെട്ടന്ന് നേരെ പുറകിലേക്ക് മറിഞ്ഞുവീണു. ഉടൻ തന്നെ കടയിലുണ്ടായിരുന്നവരും പോലീസ് ഓഫീസർമാരും ചേർന്ന് അദ്ദേഹത്തെ പിടിച്ച് എണിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബോധം നഷ്ടപ്പെട്ട് കുഴഞ്ഞു വീണ അദ്ദേഹത്തെ പിന്നീട് ആശുപത്രിയിലെത്തിക്കാനുള്ള ശ്രമമായിരുന്നു.
ഉടൻതന്നെ പോലീസ് ഓഫീസർമാർ അവിടെകൂടിനിന്നവരെ അല്പം പുറകിലേക്കുമാറ്റി അദ്ദേഹത്തിനു പൾസ് ഉണ്ടോ എന്നും ശ്രദ്ധിച്ചു. അബോധാവസ്ഥയിലാണെന്നും ശ്വാസനിരക്ക് താഴുകയാണെന്നും മനസ്സിലാക്കിയ ഉടൻതന്നെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഹുസൈനാർ സിവിൽ പോലീസ് ഓഫീസർ ശ്രീദീപ് എന്നിവർ ചേർന്ന് അദ്ദേഹത്തിന് സി.പി.ആർ കൊടുക്കാൻ തുടങ്ങി. ഈ സമയം സിവിൽ പോലീസ് ഓഫീസർമാരായ രംഗരാജും രതീഷും ചേർന്ന് പോലീസ് വാഹനം സമീപം തന്നെ തയ്യാറാക്കി നിറുത്തുകയും അടുത്തുകൂടിയവരെ മാറ്റി വേണ്ട സൌകര്യം കൊടുക്കുകയും ചെയ്തു. സി.പി.ആർ നല്കിയതിനു ശേഷം അദ്ദേഹത്തെ ഉടൻതന്നെ പോലീസ് വാഹനത്തിൽ സമീപത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
പെട്ടന്ന് ഉണ്ടായ കാർഡിയാക്ക് അറസ്റ്റാണെന്നും തക്കസമയത്തുതന്നെ സി.പി.ആർ നൽകിയതിനാൽ രക്ഷിക്കാനായെന്നും അദ്ദേഹത്തെ പരിശോധിച്ച ശേഷം ഡോക്ടർ അറിയിച്ചു. നെടുംപുര സ്വദേശിയായ ആലിക്കപറമ്പിൽ അബുവാണ് കുഴഞ്ഞുവീണതെന്ന് മനസ്സിലാക്കി അദ്ദേഹത്തിൻെറ വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. നാട്ടുകാരനായ ഖാദറും പോലീസിനോടൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.