GOOD WORKS
സിറ്റി പോലീസിന്റെ എം.ഡി.എം.എ വേട്ട തുടരുന്നു: 2 യുവാക്കൾ അറസ്റ്റിൽ.
ജില്ലയിലെ ലഹരി ഉപയോഗവും വിതരണവും തടയുന്നതിനായി നടത്തിവരുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായി ചില്ലറ വിൽപ്പനയ്ക്കായി സുക്ഷിച്ചിരുന്ന ഉയർന്ന അളവിലുള്ള എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ പിടിയിലായി. പെരിനാട് ഞാറക്കൽ എരുമല താഴതിൽ ഐശ്വര്യാ ഭവനിൽ നിന്നും മയ്യനാട് താന്നി ജംഗ്ഷനു സമീപം കാട്ടിൽപുരയിടം വീട്ടിൽ വാടയ്ക്കു താമസിക്കുന്ന ബാലചന്ദ്രൻ മകൻ എബിൻചന്ദ് (33), മയ്യനാട് പുല്ലിച്ചിറ പുളിവെട്ടിയഴികത്ത് സ്റ്റീഫൻ മകൻ സണ്ണി (27) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
ലഹരി ഉപയോഗവും വിതരണവും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിന് തടയിടാൻ വേണ്ടി തീവ്രമായ പരിശ്രമത്തിലാണ് സിറ്റി പോലീസ്. ഇതിൽ പൊതുജനങ്ങളുടെയും സ്കൂൾ, കോളേജ് അധികൃതരുടേയും സഹകരണവും പോലീസിന് ലഭിക്കുന്നുണ്ട്. കേരള പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ യോദ്ധാവിലൂടെ ലഹരി ഉപയോഗവും, വിതരണവും സംബന്ധിച്ച നിരവധി വിവരങ്ങളാണ് ദിവസവും ലഭിക്കുന്നത്. യോദ്ധാവിലൂടെ സിറ്റി പോലീസ് കമ്മിഷണർ മെറിൻ ജോസഫ് ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള സിറ്റി ആന്റി നാർക്കോട്ടിക്ക് വിഭാഗവും ഇരവിപുരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുമായി ഇവർ പിടിയിലായത്. പിടിയിലായവരിൽ നിന്നും ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 23.85 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. ഇരവിപുരം പോലീസ് ഇൻസ്‌പെക്ടർ അജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അരുൺഷാ, ജയേഷ്, സുനിൽ എഎസ്‌ഐ പ്രമോദ്, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആർ ജയകുമാർ, ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു പി ജെറോം, സി.പി.ഓ മാരായ സജു, സീനു, മനു, രിപു, രതീഷ്, ലിനു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.