GOOD WORKS

പ്രതി അറസ്റ്റിൽ

മോഷ്ടിച്ച ബൈക്കിലെത്തി വഴിയാത്രക്കാരന്റെ  സ്വർണ കൈ ചെയിൻ പൊട്ടിച്ചെടുത്ത കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം മതിലകം പോലീസ് പിടികൂടി. വടക്കേക്കര പട്ടണം കവല സ്വദേശി ശങ്കരായിത്തറ വീട്ടിൽ സന്ദീപ് (26) നെയാണ് മതിലകം എസ്.എച്ച്.ഒ കെ.സി.വിനുവും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച ഉച്ചക്ക് 12 മണിയോടെ ശ്രീനാരായണപുരം വൃന്ദാവനിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.  പടിഞ്ഞാറെ വെമ്പല്ലൂർ വൃന്ദാവൻ സ്വദേശി പണിക്കവീട്ടിൽ പ്രണവ് (28) റോഡിലൂടെ നടന്ന് പോകുന്നതിനിടെ ബൈക്കിലെത്തിയ സന്ദീപ് വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി കൈ ചെയിൻ പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ഉടൻ തന്നെ മതിലകം സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം ഇയാളെ ബൈക്ക് സഹിതം പിടികൂടി. ആർ.ആർ.ടി വളണ്ടിയരുടെ സഹായത്തോടെ ആല ഗോതുരുത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്നും മോഷ്ടിച്ച കൈ ചെയിൻ പോലീസ് കണ്ടെടുത്തു. ഇയാൾ തൃശൂർ, എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ വധശ്രമം, മോഷണം, കഞ്ചാവ് എന്നീ  കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ നിന്ന് യുവാവിന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ കെ.ഒ.തോമസ്, ലാൽസൺ, ജിജിൽ, സി.പി.ഒ ഷിജു, മനോജ്, ഹോം ഗാർഡ് അൻസാരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.