GOOD WORKS

ശക്തികുളങ്ങര ഹാർബറിലെ ഷെഡ് തീവെച്ച് നശിപ്പിച്ചയാൾ പോലീസ് പിടിയിൽ.

ശക്തികുളങ്ങര ഹാർബറിലെ താൽക്കാലിക ഷെഡും അതിൽ സൂക്ഷിച്ചിരുന്ന വാഷിങ്ങ് മെഷീനും, കുഴൽ കിണറിന്റെ പൈപ്പുകളും തീവച്ച് നശിപ്പിച്ചയാളെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്യ്തു. തിരുവനന്തപുരം ജില്ലയിൽ തോന്നയ്ക്കൽ വില്ലേജിൽ കൊറക്കട പി.ഓ, കോരാണി എ.ബി മന്ദിരത്തിൽ രവീന്ദ്രൻ മകൻ തടിയൻ ബിനു എന്നറിയപ്പെടുന്ന ബിനു (39) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിൽ ആയത്. കഴിഞ്ഞ 25.03.2022 വെളുപ്പിന് 1 മണിയോടെ ശക്തികുളങ്ങര ഹാർബറിലെ താൽക്കാലിക ഷെഡ് കത്തി ഷെഡിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക്ക് കഴുകുന്ന വാഷിങ്ങ് മെഷീനും, കുഴൽ കിണറിന്റെ പൈപ്പുകളും കത്തി നശിച്ച് 8 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. തുടർന്ന് ശക്തികുളങ്ങര ഹാർബർ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ സുനിൽ സാമുവെൽ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യ്ത് ഹാർബറിലേയും പരിസര പ്രദേശങ്ങളിലെയും cctv ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതിയെ തിരിച്ചറിഞ്ഞു. ഇയാളെ അന്വേഷിച്ച് കോരാണിയിലുള്ള വീട്ടിൽ എത്തിയെങ്കിലും ഇയാൾ മുങ്ങുകയായിരുന്നു. തുടർന്ന് ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ശക്തികുളങ്ങര ഹാർബറിൽ മടങ്ങിയെത്തിയ വിവരം മനസ്സിലാക്കി ഹാർബറിൽ നിന്നും ഇയാളെ പിടികൂടി. സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് ബിനു. കൊല്ലം എസിപി ജി ഡി വിജയകുമാറിന്റെ നിർദ്ദേശാനുസരണം ശക്തികുളങ്ങര ഇൻസ്‌പെക്ടർ യു ബിജു, എസ്‌ഐ ആശ ഐ.വി, എഎസ്‌ഐ മാരായ പ്രദീപ്, ഡാർവിൻ, എസ്‌സിപിഓ ജഹാംഗീർ, സിപിഓ മാരായ ശ്രീജു, മനീഷ്, നൗഫൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.ഇയാളെ റിമാന്റ് ചെയ്യ്തു.