GOOD WORKS
'Ente Yathra Surekshitha Yathra' Project
'എന്റെ യാത്ര സുരക്ഷിതയാത്ര' എന്ന പേരിൽ ഓട്ടോറിക്ഷകളെ സംബന്ധിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്കു എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഓട്ടോറിക്ഷകളിൽ ക്യു. ആർ കോഡ് പതിക്കുന്ന പദ്ധതിക്കു കൊല്ലം റൂറൽ ജില്ലയിൽ ശൂരനാട്ട് തുടക്കം. പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം ചക്കുവള്ളി സ്റ്റാൻഡിലെ ഓട്ടോറിക്ഷയിൽ ക്യു.ആർ കോഡ് പതിപ്പിച്ചു കൊണ്ട് ബഹു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ് നിർവഹിച്ചു. പൊതുജനങ്ങൾക്കു തങ്ങളുടെ കൈവശമുള്ള സ്മാർട്ട് ഫോണിലെ ക്യു.ആർ കോഡ് സ്കാനർ അപ്ലിക്കേഷൻ ഉപയോഗിച്ച് റിക്ഷയുടെ ക്രമ നമ്പർ, ഏത് സ്റ്റാൻഡിലെ ഓട്ടോ, വാഹന രെജിസ്ട്രേഷൻ നമ്പർ, വാഹന ഉടമയുടെ പൂർണമായ മേൽവിലാസവും ഫോൺ നമ്പറും, ഡ്രൈവറുടെ മേൽവിലാസവും ഫോൺ നമ്പറും, ഡ്രൈവറുടെ ലൈസൻസ് നമ്പർ, ഡ്രൈവറുടെ രക്ത ഗ്രൂപ്പ് എന്നീ വിവരങ്ങൾ ലഭിക്കും. മേൽ വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് ക്യു.ആർ കോഡ് സൃഷ്ടിക്കുന്നത്. പോലീസ് സ്റ്റേഷനിൽ ഈ വിവരങ്ങൾ കൂടാതെ ആധാർ നമ്പറും ലഭ്യമാണ്. താമസിയാതെ ഡ്രൈവറുടെ ഫോട്ടോ കൂടി ഉൾപ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിലാണ്. ശൂരനാട് സ്റ്റേഷൻ പരിധിയിലെ എല്ലാ ഓട്ടോറിക്ഷകളിലും ക്യു.ആർ കോഡ് പതിക്കൽ ഉടൻ പൂർത്തിയാകും. ശൂരനാട് ഇൻസ്‌പെക്ടർ ജയചന്ദ്രൻ പിളള, എസ്.ഐ ശ്രീജിത്ത് മറ്റു സേനാംഗങ്ങൾ , ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.