GOOD WORKS

credit card fraud

ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാനെന്ന പേരിൽ ഓൺലൈൻ തട്ടിപ്പ്:

സ്ത്രീയുടെ എക്കൌണ്ടിൽ നിന്നും 3.69 ലക്ഷം തട്ടിയെടുത്ത കേസിൽ ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ.

തൃശൂർ: ദേശസാൽകൃത ബാങ്കിന്റെ ക്രൈഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിനെന്ന വ്യാജേന മൂന്നര ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഝാർഖണ്ഡ് മാഡഗോമുണ്ട മുർളി പഹാരി വില്ലേജ് സ്വദേശി അജിമുദ്ദീൻ അൻസാരി (26) ആണ് തൃശൂർ സിറ്റി സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. കുന്നംകുളം സ്വദേശിനിയായ ഒരു സ്ത്രീയുടെ എക്കൌണ്ടിൽ നിന്നുമാണ് ഇയാൾ ഓൺലൈൻ തട്ടിപ്പിലൂടെ ഏഴ് തവണകളിലായി 3,69,300/- രൂപ തട്ടിയെടുത്തത്. സ്ത്രീയുടെ പരാതിയെത്തുടർന്ന് തൃശൂർ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ പണം തട്ടിയെടുത്തത് ഝാർഖണ്ഡിൽ നിന്നുമാണെന്ന് കണ്ടെത്തുകയും, തുടർന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.

സംഭവം ഇങ്ങനെ:

2023 ഫെബ്രുവരിയിൽ കുന്നംകുളം സ്വദേശിനിയായ പരാതിക്കാരിക്ക് ബാങ്കിൽ നിന്നുമാണെന്ന് ഒരു ഫോൺ കോൾ വരികയും, ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിന് ഏതാനും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. പരാതിക്കാരി പുതിയ ക്രെഡിറ്റ് കാർഡിന് അപേക്ഷിച്ച് അത് ലഭിച്ചിരുന്നതിനാൽ സംശയം തോന്നിയില്ല. ബാങ്കിന്റേതാണെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിയുടെ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് സൂത്രത്തിൽ ബാങ്ക് വിവരങ്ങൾ തട്ടിയെടുക്കുകയും, ഏഴു തവണകളായി പരാതിക്കാരിയുടെ എക്കൌണ്ടിൽ നിന്നും 3,21,300/- രൂപയും ക്രെഡിറ്റ് കാർഡിൽ നിന്നും 48,000/- രൂപയും അടക്കം ആകെ 3,69,300/- രൂപയാണ് തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ പരാതിക്കാരി തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ നഷ്ടപ്പെട്ട പണം ചെന്നെത്തിയ ബാങ്ക് എക്കൌണ്ടുകൾ പരിശോധിക്കുകയും, പ്രതിയെ കണ്ടെത്തുകയുമായിരുന്നു.

അന്വേഷണ സംഘം:

സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എ. അഷ്റഫ്, സബ് ഇൻസ്പെക്ടർ ആർ.എൻ. ഫൈസൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് എൻ ശങ്കർ, സി.പി.ഒ മാരായ വി.ബി അനൂപ്, കെ. അനീഷ്.

ഓൺലൈൻ തട്ടിപ്പ് തടയുന്നതിന് പൊതുജനങ്ങൾ ശ്രദ്ധിക്കുക.

നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഫോൺവിളികളോട് ജാഗ്രതയോടെ പ്രതികരിക്കുക. കുറ്റവാളികൾ നിങ്ങളെ പ്രലോഭിപ്പിച്ചോ, ഭീഷണിപ്പെടുത്തിയോ, സഹായങ്ങൾ വാഗ്ദാനം ചെയ്തോ നിങ്ങളുടെ സ്വകാര്യ-ബാങ്കിങ്ങ് വിവരങ്ങൾ ചോർത്തിയെടുത്ത്, അതുപയോഗിച്ച് നിങ്ങളിൽ നിന്നും പണം തട്ടിയെടുത്തേക്കാം.

ബാങ്കുകളിൽ നിന്നും നിങ്ങളെ വിളിച്ച് നിങ്ങളുടെ എക്കൌണ്ട് നമ്പർ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ, ഓടിപി, പിൻ, സിവിവി എന്നിവ ചോദിക്കുകയില്ല. ഇത് ആരുമായും പങ്കിടരുത്. ഇത്തരം കാര്യങ്ങൾക്ക് ബാങ്ക് ശാഖകളിൽ നേരിട്ട് ബന്ധപ്പെടുക.

നിങ്ങളുടെ ഫോണിൽ നിന്നും വിവരങ്ങൾ ചോർത്തുന്നതിനായി സൈബർ കുറ്റവാളികൾ അയച്ചു തരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, റിമോട്ട് ആക്സസ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുകയോ അരുത്. ഇതുപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടറിന്റേയും, മൊബൈൽ ഫോണിന്റേയും നിയന്ത്രണം കുറ്റവാളികൾ കരസ്ഥമാക്കുകയും, വിവരങ്ങൾ ചോർത്തുകയും ചെയ്യും.