GOOD WORKS

GOOD WORKS

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശ്രീരാജിൻെറ വയർലെസ്സിലേക്ക് ഒരു സന്ദേശം വന്നു.

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒരു സ്ത്രീയെ കാൺമാനില്ല ഉടൻതന്നെ ശ്രീരാജ് സന്ദേശത്തിൽ നിന്നും അവർ കാണാതാകുമ്പോൾ ധരിച്ച വസ്ത്രം, പേര് വയസ്സ് തുടങ്ങിയവ കുറിച്ചെടുത്തു.

സമയം കളയാതെതന്നെ ബസ്സ് സ്റ്റാൻഡിനു അകത്തും പുറത്തും നിൽക്കുന്ന സ്ത്രീകളിൽ പലരേയും പിന്നീട് ശ്രീരാജ് ശ്രദ്ധിക്കാൻ തുടങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ബസ്സ് സ്റ്റാൻഡിലെ ഏറ്റവും പുറകിലെ സീറ്റിൽ കുറച്ച് സ്ത്രീകൾ ഇരിക്കുന്നത് ശ്രീരാജിൻെറ ശ്രദ്ധയിൽപ്പെട്ടു. അവരെ ഒരിക്കലും സംശയിക്കാനിടയില്ല എന്നാൽ അതിനിടയിൽ തലയും താഴ്ത്തി ഒരു സ്ത്രീ ഇരിക്കുന്നതാണ് ശ്രീരാജ് വളരെയധികം ശ്രദ്ധിച്ചത്.

അല്പം കഴിഞ്ഞപ്പോൾ ശ്രീരാജ് തന്നെ ശ്രദ്ധിക്കുന്നെണ്ട് മനസ്സിലായതോടെ ആ സ്ത്രീ അടുത്ത് ഇരിക്കുന്ന മറ്റു സ്ത്രീകളോട് വളരെ തുറന്നുസംസാരിക്കുകയായിരുന്നു. മറ്റു സ്ത്രീകൾ കൂടെയുള്ളവരാണെന്ന് ശ്രീരാജിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ആ സ്ത്രീ അടുത്ത് ഇരിക്കുന്നവരോട് സംസാരിച്ചിരുന്നത്. എന്നാൽ വയർലസ്സ് സന്ദേശത്തിൽ പറഞ്ഞ അതേ വസ്ത്രം തന്നെയാണ് ആ സ്ത്രീ ധരിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കിയ ശ്രീരാജ് മറ്റൊന്നും നോക്കിയില്ല. അവരുടെ അടുത്തുചെന്ന് സംസാരിച്ചു.

സംസാരിച്ചതിൽ അടുത്തിരുന്നവർ കൂടെയുള്ളവരല്ല എന്ന് മനസ്സിലായതോടെ പേരും സ്ഥലവും അന്വേഷിച്ചു. ആദ്യം അല്പം മടികാണിച്ചെങ്കിലും പിന്നീട് തുറന്നു പറഞ്ഞു. കാണാതായ സ്ത്രീ ഇവർതന്നെയെന്ന് മനസ്സിലായതോടെ ഉടൻ തന്നെ കൺട്രോൾ റൂമിലേക്ക് അറിയിച്ച് അവരെ വനിതാ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും വിശദവിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

വീട്ടിലെ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വീടുവിട്ട് ഇറങ്ങിയതായിരുന്നു ഭർത്താവും കുട്ടികളുമുള്ള ആ സ്ത്രീ. വീട്ടുകാരുമായി നാളുകളായുള്ള പ്രശ്നങ്ങൾ കൂടുതൽ വഷളായതോടെ ജീവിക്കേണ്ട എന്നുകരുതി വീടുവിട്ട് ഇറങ്ങുകയായിരുന്നു. കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞതിനു ശേഷം, അവരെ ആശ്വസിപ്പിച്ച് , വനിതാ പോലീസ് സ്റ്റേഷനിൽ നിന്ന് തൃക്കുന്നപുഴ പോലീസ് സ്റ്റേഷനിലേക്കും ശേഷം വീട്ടിലേക്കും വിളിച്ചറിയിക്കുകയും. സ്റ്റേഷനിൽ നിന്നുമെത്തിയ വനിതാ പോലീസിനൊപ്പം അവരെ തിരിച്ചയക്കുകയും ചെയ്തു.

ഓർക്കുക – സ്ത്രീകളെ മനസ്സിലാക്കുക അവരുടെ , അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും പരിഗണന നൽകുക. വിലകല്പിക്കുക. മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് അപരാജിതയിലേക്ക് 9497996992 എന്ന നമ്പരിൽ വിളിക്കാം.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. വിദഗ്ദരുടെ സഹായം തേടുക. വിളിക്കൂ: 1056, 0471 – 2552056.

24 മണിക്കൂറും പോലീസ് സഹായത്തിന് വിളിക്കൂ – 112.