GOOD WORKS

GOOD WORK

ഗുരുവായൂർ ടെംപിൾ പോലീസ് സ്റ്റേഷനിലെ സീനിയർ സിവൽ പോലീസ് ഓഫീസർ ജാൻസിക്ക് ഒരു ദിവസം ഒരു ഫോൺ കോൾ വന്നു.

മാഡം എൻെറ പേര് ശ്രീദേവി. ഞാൻ കൊല്ലം ജില്ലയിലെ കക്കകുന്നിൽ നിന്നാണ് ഞാൻ വിളിക്കുന്നത്. തൃശ്ശൂർ സിറ്റി പോലീസിൻെറ ഫേസ് ബുക്ക് പേജിൽ മാഡത്തിൻെറ സഹായം മൂലം മരുമകൾ അമ്മയ്ക്ക് തുണയായ ഒരു വാർത്ത ഞാൻ കണ്ടിരുന്നു. മാഡം അത്യാവശ്യമായി എന്നെ ഒന്ന് സഹായിക്കണം. കേൾക്കുമ്പോൾ വളരെ നിസ്സാരമായി തോന്നാം. പ്ളീസ് കൈവെടിയരുത്...

കാര്യം എന്താണെന്ന് പറയു..ജാൻസി ചോദിച്ചു

മാഡം, എൻെറ ആത്മാർത്ഥസുഹൃത്തിനെ ഞാൻ കണ്ടിട്ട് 30 വർഷം കഴിഞ്ഞു. 55 വർഷം പഴക്കമുണ്ട് ഞങ്ങളുടെ സൌഹൃദത്തിന്. അവളുടെ മേൽ വിലാസവും ഫോൺനമ്പരും നഷ്ടമായി ഞങ്ങൾക്ക് വീണ്ടും കണ്ടുമുട്ടാൻ മാഡത്തിൻെറ സഹായം വേണം.

കൌതുകകരമായ സഹായഭ്യർത്ഥനകേട്ട് ജാൻസി സംഭവത്തിൻെറ വിശദ വിവരം അന്വേഷിച്ചു.

1968 ൽ മഹാരാഷ്ട്രയിലെ താന ആശുപത്രിയിൽ നേഴ്സിങ്ങ് പഠനത്തിനിടയിലാണ് തൃശ്ശൂർ ഇരിങ്ങാലകുടയ്ക്കടുത്തുള്ള എടക്കുളം സ്വദേശിയായ സരോജിനിയും കൊല്ലം ജില്ലയിലെ കക്കകുന്നിലുള്ള ശ്രീദേവിയും തമ്മിൽ കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും ഇഴപിരിയാത്ത കൂട്ടുകാരികളായി. പഠനം കഴിഞ്ഞതിനു ശേഷം സരോജിനി ബോംബെയിലെ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ശ്രീദേവിക്ക് കുവൈറ്റിൽ ജോലിലഭിച്ചതോടെ കുടുംബസമേതം വിദേശക്ക് പോവുകയും ചെയ്തു. രണ്ടുപേരും ജോലി, കുടംബം എന്നീ തിരക്കേറിയ ജീവിതത്തിനിടയിലും എഴുത്തിലൂടെ പരസ്പരം ബന്ധപ്പെട്ടിരുന്നു.

1991ൽ ശ്രീദേവി കുവൈറ്റിൽ നിന്നും ലീവിന് നാട്ടിൽ വന്നു പോകുമ്പോൾ ബോംബെയിൽ പോയി സരോജിനിയെ നേരിൽ കണ്ട് വിശേഷങ്ങൾ അന്വേഷിക്കുകയും ചെയ്തു. ഇതിനിടെ യുദ്ധകാലഘട്ടത്തിൽ കുവൈറ്റിൽ നിന്നും സ്ഥലം മാറുന്നതിനിടയിലാണ് ശ്രീദേവിയി സൂക്ഷിച്ചിരുന്ന ഡയറി നഷ്ടമായത്. പ്രിയകൂട്ടുക്കാരിയുടെ അഡ്രസ്സും ഫോൺനമ്പരും മറ്റു ഓർമ്മക്കുറിപ്പുകളുമെല്ലാം എഴുതിയ ഡയറിയാണ് നഷ്ടപെടമായ്. അഡ്രസ്സിലെ എടക്കുളം എന്ന സ്ഥലപേരു മാത്രമേ ശ്രീദേവിക്ക് പിന്നീട് ഓർമ്മയിൽ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് പിന്നീട് എഴുത്തിലൂടെ പരസ്പരം ബന്ധംസ്ഥാപിക്കാനും ഇവർക്ക് സാധിച്ചില്ല. കുവൈറ്റിലേക്ക് ശ്രീദേവി എഴുത്തുകൾ അയച്ചുകൊണ്ടിരുന്നു. അയച്ച കത്തുകൾക്ക് മറുപടിയൊന്നും കാണാത്തതിനാൽ, യുദ്ധത്തിൽ പ്രിയ കൂട്ടുകാരിക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന വിഷമവും അവർക്കുണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം ശ്രീദേവി കുവൈറ്റിൽ നിന്നുള്ള ജോലിയിൽ നിന്ന് വിരമിച്ച് കുടുംബവുമായി നാട്ടിലെത്തി നാട്ടിൽ സ്ഥിരതാമസമാക്കുകയും ചെയതു. അപ്പോഴൊക്കെ തൻെറ പഴയ കൂട്ടുക്കാരിയെകുറിച്ച് ഓർക്കാറുണ്ടായിരുന്നു.

തൻെറ പഴയ കൂട്ടുകാരിയെ ജീവിതത്തിൽ ഒരിക്കലും തമ്മിൽ കണ്ടുമുട്ടാൻ ഇടയില്ല എന്നുകരുതിയിരിക്കുമ്പോഴാണ് കഴിഞ്ഞവർഷം വയോജന ദിനവുമായി ബന്ധപ്പെട്ട് ഒരു ദിവസം തൃശ്ശൂർ സിറ്റി പോലീസിൻെറ ഫേസ് ബുക്ക് പേജിൽ ജാൻസി എന്ന പോലീസുകാരിയുടെ സഹായം മൂലം മരുമകൾ അമ്മയ്ക്ക് തുണയായ ഒരു വാർത്തകാണാൻ ഇടയായത്. താൻ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകാരിയെ കണ്ടെത്താൻ ജാൻസിമാഡത്തിനോട് സഹായം ചോദിക്കാം എന്നുകരുതി ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കുന്നത് ശരിയാണോ എന്ന ആശങ്കയോടെ ശ്രീദേവി ജാൻസി എന്ന പോലീസ് ഉദ്യോഗസ്ഥയുടെ നമ്പർ കണ്ടെത്തി വിളിക്കുകയായിരുന്നു.

ജാൻസി എന്ന പോലീസുദ്യോഗസ്ഥ കൂട്ടുകാരിയേയും തേടിയിറങ്ങുന്നു...

കൌതുകകരമായ സഹായ അഭ്യർത്ഥനയെ കൈവെടിയാൻ ജാൻസി എന്ന പോലീസ് ഉദ്യോഗസ്ഥയ്ക്ക് മനസ്സുവന്നില്ല. എടക്കുളത്തുള്ള സരോജിനി എന്ന കുറിപ്പുമാത്രമായി ജാൻസി നിരവധിപേരോട് ഡ്യൂട്ടിയ്ക്കിടയിൽ പലപ്പോഴായി അന്വേഷിക്കാറുണ്ടായിരുന്നു. ഇരിങ്ങാലക്കുടയ്ക്കടുത്താണ് എടക്കുളം എന്നസ്ഥലം എന്ന ഒരു വിവരം ലഭിച്ചപ്പോൾ പിന്നീട് ഇരിങ്ങാലക്കുടയിലേക്കായി സരോജിനിയുടെ അന്വേഷണം. അവസാനം എടക്കുളത്തുള്ള പോസ്റ്റ് മാസ്റ്ററുടെ ഫോൺനമ്പർ കൈവശം കിട്ടുകയും ചെയ്തു.

എടക്കുളം പോസ്റ്റോഫീസിലെ പോസ്റ്റ് മാസ്റ്ററെ വിളിച്ച് കാര്യം അവതരിപ്പിച്ചു. അപ്പോഴാണ് പോസ്റ്റ് ഓഫീസിലെ ജോലിക്കാരനായ ശങ്കരനാരായണൻ തൻെറ ബന്ധുവായ ബോംബെയിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്ന ഒരു സ്ത്രീയെ കുറിച്ച് പറഞ്ഞത് പോസ്റ്റ് മാസ്റ്റർക്ക് ഓർമ്മവന്നത്. ഉടൻതന്നെ പോസ്റ്റ് മാസ്റ്റർ ജാൻസിക്ക് ശങ്കരനാരായണൻെറ നമ്പർ കൊടുക്കുകയും ചെയ്തു. ശങ്കരനാരായണനെ വിളിച്ച് കഥയെല്ലാം പറഞ്ഞപ്പോൾ തൻെറ ഏറ്റവും അടുത്ത ബന്ധുവായ സരോജിനിതന്നെയാണെന്ന് ഈ കൂട്ടുകാരിയെന്ന് ജാൻസിയെ അറിയിക്കുകയും, സരോജിനിയെ ബന്ധപ്പെടാനുള്ള നമ്പർ ജാൻസിക്ക് കൈമാറുകയും ചെയ്തു. തൻെറ അന്വേഷണത്തിന് ശുഭകരമായ ഒരു പര്യവസാനം എത്തിയിരിക്കുന്നുവെന്ന് മനസിലാക്കിയ ജാൻസി ഏറെ സന്തോഷത്തോടെ ശ്രീദേവിയെ വിളിച്ച് കൂട്ടുക്കാരിയായ സരോജിനിയുടെ നമ്പർ കൊടുക്കുകയും ചെയ്തു.

വർഷങ്ങൾക്കു ശേഷം ജാൻസിയിലൂടെ അവർ തമ്മിൽ വീണ്ടും വിളിച്ചു. മുപത്തു വർഷങ്ങൾക്കു ശേഷം അവർ തമ്മിൽ വീഡിയോ കോളിലൂടെ പരസ്പരം കണ്ടു. പറയാനറിയാത്ത സന്തോഷം ആനന്ദകണ്ണീരോടെ പങ്കിട്ടു. വർഷങ്ങൾക്കുശേഷം വീണ്ടും നേരിൽ കാണാൻ ഗുരുവായൂരിൽ വരുമെന്നും അതിന് സാക്ഷ്യം വഹിക്കാൻ ജാൻസിമാഡം ഞങ്ങളുടെ ഉണ്ടാകണമെന്നും നിർബന്ധം പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ആ ഇഴപിരിയാത്ത കൂട്ടുകാരികൾ. നേരിൽ കണ്ടുമുട്ടാനുള്ള തയ്യാറെടുപ്പുകൾ അവർ തുടങ്ങിക്കഴിഞ്ഞു.

ഡ്യൂട്ടിയ്ക്കിടയിലും കൌതുകകരമായൊരു സഹായത്തിന് ഫലമന്വേഷിച്ചിറങ്ങിയ ഒരു പോലീസുദ്യോഗസ്ഥയായ ജാൻസി തൻെറ പ്രയത്നങ്ങൾക്ക് ഫലംകണ്ട നിറഞ്ഞ മാനസികസംപ്തൃപ്തിയോടെ ഒരു കാത്തിരിപ്പിലാണ്.

അവർ വരും...

ആ സമാഗമത്തിന് സാക്ഷ്യം വഹിക്കണം

എന്ന പ്രതീക്ഷയുമായി