GOOD WORKS

മണ്ണുത്തി കവർച്ച പ്രതികൾ പിടിയിൽ

2019 നവംബർ 23 രാത്രിയാണ് മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ മുല്ലക്കരയിൽ ഡോ. ക്രിസ്റ്റോയുടെ വീടിന്റെ വാതിൽ തകർത്ത് മുഖം മൂടി സംഘം വീട്ടുകാരെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി ബന്ദികളാക്കി, സ്വർണാഭരണങ്ങളും പണവും കവർന്നത്.

നൈറ്റ് പട്രോളിങ്ങ് ഡ്യൂട്ടി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥർ വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനം പരിശോധന നടത്തി രേഖകൾ പരിശോധിച്ചപ്പോൾ, ദീർഘദൂര യാത്ര കഴിഞ്ഞ് വരുന്നതിനാൽ ഉറക്കം തോന്നി കാർ നിർത്തിയതാണെന്ന ഡ്രൈവറുടെ മറുപടി കണക്കിലെടുത്ത് വാഹനത്തിന്റേയും ഡ്രൈവിംങ്ങ് ലൈസൻസിന്റേയും രേഖകൾ പരിശോധിക്കുകയും പോലീസുദ്യോഗസ്ഥൻ ഇത് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു.

ഡോ. ക്രിസ്റ്റോയുടെ വീട്ടിൽ നടന്ന കവർച്ചയെ തുടർന്ന് മണ്ണുത്തി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണോദ്യോഗസ്ഥനെ സഹായിച്ചത് പോലീസുദ്യോഗസ്ഥൻ മൊബൈൽ ഫോണിൽ പകർത്തിയ ഈ രേഖകളായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രധാന പ്രതി സേലം അഴകുപുരം സ്വദേശി കെ.രാജശേഖറെ പോലീസ് അറസ്റ്റു ചെയ്തു. ഈ കേസിലെ രണ്ടാം പ്രതി കോയമ്പത്തൂർ സ്വദേശി പാണ്ടി ദുരൈയും അറസ്റ്റിലായി. ഈ കുറ്റകൃത്യം ആസൂത്രണം ചെയ്ത മധുര വിളംകൂടി സ്വദേശി പട്ടർ സുരേഷിനെ കഴിഞ്ഞ ദിവസം തൃശൂർ ACP ശ്രീ.വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു.

ഈ കവർച്ചാ കേസിന്റെ അന്വേഷണത്തിന് വളരെ നിർണായകമായ തെളിവു നൽകിയത് നൈറ്റ് പട്രോളിങ്ങ് ഡ്യൂട്ടി ചെയ്തിരുന്ന മണ്ണുത്തി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശ്രീ.പി ജി മനോജ് മൊബൈൽ ഫോണിൽ പകർത്തിയ രേഖകളാണ്. പോലീസുദ്യോഗസ്ഥൻ ഔദ്യോഗിക ഡ്യൂട്ടിയിൽ കാണിച്ച ജാഗ്രത കണക്കിലെടുത്ത് ഗുഡ് സർവ്വീസ് എൻട്രി സമ്മാനിച്ചു