GOOD WORKS

good works

കഴിഞ്ഞദിവസം വൈകീട്ട് നാലുമണിയോടെ പീച്ചി പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഷീജയുടെ ഫോണിലേക്ക് ഒരാൾ വിളിച്ചു. പീച്ചി പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ടയാളായിരുന്നു അത്.

എന്റെ ഭാര്യ പിണങ്ങി പോയി. എനിക്കിനി ജീവിക്കാനാകില്ല. ഞാൻ ഈ ജീവിതം അവസാനിപ്പിക്കുകയാണ്

ഇത്രയും പറഞ്ഞതും അയാൾ ഫോൺ കട്ട് ചെയ്തു.

അയാളുടെ ഫോൺവിളിയിൽ പന്തികേടുതോന്നിയ ഷീജ ഉടൻതന്നെ ഈ വിവരം പീച്ചി സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ സി.ഡി ഡേവിസിനെ അറിയിച്ചു. ഉടനെ സബ് ഇൻസ്പെക്ടർ ഡേവിസും സിവിൽ പോലീസ് ഓഫീസർ യു. അഭിജിത്തും, ഹോം ഹാർഡ് കെ. നന്ദകുമാറും ചേർന്ന് ഫോൺ വിളിച്ചയാളുടെ വീട്ടിലേക്ക് പോലീസ് സ്റ്റേഷൻ ജീപ്പിൽ പുറപ്പെട്ടു

സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പി.എസ് സജീഷിന് അയാളുടെ വീടും പരിസരവും നല്ലപോലെ അറിവുണ്ടായിരുന്നതിനാൽ അയൽവാസികളെ വിളിച്ചറിയിക്കുവാൻ നിർദ്ദേശിച്ചു. സജീഷ് ഉടൻ തന്നെ ഹക്കീം എന്ന വ്യക്തിയെ വിളിച്ച് സംഭവത്തിന്റെ ഗൌരവം മനസ്സിലാക്കി കൊടുക്കുകയും, പോലീസ് സ്റ്റേഷനിൽ നിന്നും അവിടേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും അവർ എത്തുന്നതിനും മുൻപുതന്നെ അവിടെ എത്തണമെന്നും അറിയിക്കുകയും ചെയ്തു.

ഇതറിഞ്ഞ ഉടൻതന്നെ ഹക്കീമും, മറ്റൊരു അയൽവാസിയായ അംബുജാക്ഷനും കൂടി എത്രയും പെട്ടന്ന് ഫോൺവിളിച്ചയാളുടെ വീട്ടിൽ എത്തിയപ്പോൾ വാതിൽ ഉള്ളിൽ നിന്നും അടച്ചിരിക്കുന്നതാണ് കണ്ടത്. ഉടൻതന്നെ അവർ വാതിൽ ചവിട്ടി തുറന്ന് നോക്കിയപ്പോൾ അയാൾ വീടിനകത്തെ ഫാനിന്റെ ഹുക്കിൽ മുണ്ടിട്ട് കസേരയിൽ നിന്നും ചാടാനായി നിൽക്കുകയായിരുന്നു. ഇവർ ഓടിയെത്തിയ ഉടൻതന്നെ അയാൾ കസേരയിൽനിന്നും ചാടുകയായിരുന്നു. നിമിഷങ്ങൾക്കകം അദ്ദേഹത്തെ അവർ രക്ഷപെടുത്തുകയും ചെയ്തു.

തത്സമയം തന്നെ സബ് ഇൻസ്പെക്ടർ ഡേവിസും മറ്റു പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. ഏതാനും സെക്കന്റുകൾ വൈകിയിരുന്നെങ്കിൽ അദ്ദേഹം ഇപ്പോൾ ജീവിച്ചിരിക്കുമായിരുന്നില്ല.

പോലീസുദ്യോഗസ്ഥർ അയാളെ സമാധാനിപ്പിച്ചു. പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. കൂടെയിരുത്തി, സംസാരിക്കുകയും, ആശ്വാസം നൽകുകയും ചെയ്യുക മാത്രമല്ല, വിദഗ്ദ കൌൺസിലിങ്ങിനുവേണ്ട ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു.

സമയോചിതമായ ഇടപെടലിലൂടെ ഒരു വിലപ്പെട്ട മനുഷ്യ ജീവൻ രക്ഷിച്ച പീച്ചി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സി.ഡി. ഡേവീസിനും മറ്റ് പോലീസുദ്യോഗസ്ഥർക്കും, അയൽവാസികളായ അബ്ദുൾ ഹക്കീം, അംബുജാക്ഷൻ എന്നിവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. വിദഗ്ദരുടെ സഹായം തേടുക. വിളിക്കൂ: 1056, 0471 – 2552056.
24 മണിക്കൂറും പോലീസ് സഹായത്തിന് വിളിക്കൂ – 112.