GOOD WORKS

good work

കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽകോളേജ് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ടു ചെയ്ത ഒരു സംഭവം.
വിവാഹിതയായി ഭർത്താവിന്റെ വീട്ടിൽ താമസിച്ചിരുന്ന സ്ത്രീയെ കാണാനില്ല എന്നായിരുന്നു പരാതി. സമയം വൈകുന്നേരമായിരുന്നു. ഉടൻ തന്നെ ഇൻസ്പെക്ടർ പി.പി. ജോയിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശാന്താറാം, സിവിൽ പോലീസ് ഓഫീസർ ഷാജൻ എന്നിവർ ചേർന്ന് വീടും പരിസരവും മുഴുവനും പരിശോധിക്കുകയും ബന്ധുക്കളുടെ വീടുകളിലും മറ്റും അന്വേഷിക്കുകയും ചെയ്തു. കാണാതായ സ്ത്രീയുടെ മൊബൈൽ ഫോൺ വീട്ടിൽതന്നെ ഉണ്ടായിരുന്നതിനാൽ മൊബൈൽഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും സാധ്യമായിരുന്നില്ല.

പലയിടത്തും അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല. അതിനിടയിൽ കാണാതായ യുവതി ഓട്ടോറിക്ഷയിൽ വീടിനു മുൻവശം വന്നിറങ്ങുന്നത് കണ്ടതായി നാട്ടുകാരിലൊരാൾ ഇൻസ്പെക്ടർ ജോയിയെ വിളിച്ചു പറഞ്ഞു. ഉടൻ തന്നെ ഇക്കാര്യം സബ് ഇൻസ്പെകടർ മഹേഷിനോട് പറയുകയും, കാണാതായ യുവതി വീടിനു സമീപം തന്നെ ഉണ്ടാകുമെന്നും, എത്രയും പെട്ടന്ന് ഊർജ്ജിതമായ തെരച്ചിൽ തുടങ്ങണം എന്ന് അറിയിക്കുകയും ചെയ്തു.

മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിൽ നിന്നും തിരിച്ചെത്തിയ ഉടൻതന്നെയാണ് മഹേഷ് ഇക്കാര്യം അറിയുന്നത്. സമയം രാത്രിയായിരുന്നു. സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ഉടൻതന്നെ മഹേഷ്, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, വിഷ്ണുലാൽ എന്നിവരുമായി ചേർന്ന്, യുവതിയുടെ വീടിന്റെ പരിസരത്തേക്ക് കുതിച്ചെത്തി തിരച്ചിൽ ആരംഭിച്ചു. കാണാതായ യുവതിയുടെ ഒരു ബാഗ് ബാഗ് വീടിനു തെക്കുവശത്തുനിന്നും കണ്ടുകിട്ടുകയുണ്ടായി. ഇതോടെ യുവതി വീടിനു സമീപമുണ്ട് എന്ന ഉറച്ച വിശ്വാസത്തിൽ സബ് ഇൻസ്പെക്ടർ മഹേഷും, പോലീസുദ്യോഗസ്ഥരും അവിടെ കൂടിയ നാട്ടുകാരും ചേർന്ന് അന്വേഷണം പരിസരം മുഴുവൻ വ്യാപിപ്പിച്ചു.

വീടിനു സമീപമുള്ള പാടത്ത് രണ്ട് കിണർ ഉണ്ടെന്ന് മനസ്സിലാക്കിയതോടെ കിണറ്റിലും മറ്റു പരിസരങ്ങളിലും കൂടുതൽ പേർ ,സബ് ഇൻസ്പെക്ടറുടെ നിർദ്ദേശത്തോടെ തെരയാൻ തുടങ്ങി. ചുറ്റുമുള്ള പരിസരങ്ങളിലും അന്വേഷിക്കുവാനായി രണ്ടുപേരെ അയക്കുകയും ചെയ്തു. അപ്പോഴാണ് കുറച്ചു ദൂരെ ഒരു പമ്പ് ഹൌസിൽ വ്യസനിച്ച് ഇരിക്കുന്ന യുവതിയെ അവർ കണ്ടത്.

യുവതിയെ കണ്ടതും, പോലീസുദ്യോഗസ്ഥർ ചേർന്ന് അവരെ എഴുന്നേൽപ്പിച്ചു, സമാധാനിപ്പിച്ച് പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അവർ വളരെ ക്ഷീണിതയായിരുന്നു. കൂടുതൽ ക്ഷീണമുണ്ടെങ്കിൽ ആശുപത്രിയിലേക്ക് പോകാമെന്നും വെള്ളമോ മറ്റു ഭക്ഷണമോ കഴിക്കണമെന്നും ആവശ്യപെട്ടപ്പോൾ യുവതി വിസമ്മതിക്കുകയും ചെയ്തു. പെട്ടന്നുതന്നെ യുവതി ഛർദ്ദിച്ചതോടെ അവർ എന്തോ കഴിച്ചിട്ടുണ്ടെന്ന കാര്യം മനസ്സിലായി. ഉടൻ തന്നെ യുവതിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. യുവതി ആകെ ക്ഷീണിതയും അവശയുമായിരുന്നു. അളവിലധികം എന്തോ ഗുളികകൾ കഴിച്ചിട്ടുണ്ടായിരുന്നു എന്നും, കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് യുവതിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്നും ഡോക്ടർമാർ പറഞ്ഞു. പിന്നീട് യുവതിയുടേയും ഭർത്താവിന്റേയും വീട്ടുകാരുമായി സംസാരിക്കുകയും വിദഗ്ദ കൌൺസിലിങ്ങിനു വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. വിദഗ്ദരുടെ സഹായം തേടുക. വിളിക്കൂ: 1056, 0471 – 2552056. 24 മണിക്കൂറും പോലീസ് സഹായത്തിന് വിളിക്കൂ – 112.