GOOD WORKS
തൃശൂർ സിറ്റി പോലീസിന്റെപെൺകരുത്ത്.
കോവിഡ് കാലത്ത് സഹായിക്കാനാരുമില്ലാതെ നിരന്തരമായ ടെലിഫോൺ വിളികളാണ് ഓരോ പോലീസ് സ്റ്റേഷനുകളിലും ജില്ലാ പോലീസ് കൺട്രോൾ റൂമിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.
വൃദ്ധരും അവശരുമായി കിടക്കുന്നവരെ ആശുപത്രിയിലെത്തിക്കണം. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് അനാഥരായി റോഡുകളിൽ കഴിയുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കണം, വിദേശങ്ങളിലോ അന്യ സംസ്ഥാനങ്ങളിലോ മക്കളും ബന്ധുക്കളും ജോലിചെയ്യുമ്പോൾ സ്വദേശത്ത് ഒറ്റയ്കു താമസിക്കേണ്ടിവരുന്നവരുടെ ആകുലതകൾ അകറ്റണം, ജീവൻ രക്ഷാ ഔഷധങ്ങൾ എത്തിക്കണം, കോവിഡ് ബാധിച്ച് ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കണം, അതിഥി തൊഴിലാളികളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കണം, എന്നു തുടങ്ങി എത്രയെത്ര ആവശ്യങ്ങൾ....
നഗരഹൃദയത്തിലെ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇത്തരത്തിലുള്ള വിളികൾ കൂടുതലായും എത്താറുള്ളത്. ഓരോ വിളികൾക്കും സംയമനത്തോടെ ഉത്തരം നൽകുന്ന പോലീസുദ്യോഗസ്ഥർ. പകലായാലും രാത്രിയായാലും സദാ സേവന സന്നദ്ധരായ പോലീസുദ്യോഗസ്ഥർ. ഈ കോവിഡ് കാലത്ത് കേരളാ പോലീസിന്റെ സേവനങ്ങൾ നേരിട്ടോ അല്ലാതെയോ അനുഭവിച്ചറിയാത്ത ആരാണുള്ളത് ?
ഇതാ അടുത്ത ഫോൺ വിളി എത്തി. ഒറ്റയ്കു താമസിക്കുന്ന വൃദ്ധ ദമ്പതിമാരാണ് വിളിക്കുന്നത്. ഏകമകൻ കോവിഡ് ബാധിച്ച് ആശുപത്രിയിലാണ്. കോവിഡിനെക്കുറിച്ച് ദിനംതോറും വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ അവരെ മാനസികമായി തളർത്തിയിരിക്കുന്നു. ആത്മഹത്യയിലേക്ക് നീങ്ങാവുന്ന നിമിഷങ്ങൾ. ഗത്യന്തരമില്ലാതെയാണ് ആ ദമ്പതിമാർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. ഫോൺ അറ്റൻഡ് ചെയ്ത പോലീസുദ്യോഗസ്ഥൻ വളരെ ക്ഷമയോടെ അവരുടെ കാര്യങ്ങൾ കേട്ടു. എന്നിട്ട് വിവരങ്ങൾ കുറിച്ചെടുത്തു. അവരുടെ പേരും, വിലാസവും, വീട്ടിലേക്കെത്താനുള്ള വഴിയും മനസ്സിലാക്കി. അവർക്ക് അത്യാവശ്യമായി ആരുടേയെങ്കിലും സാന്നിധ്യവും മാനസിക പിന്തുണയും അത്യാവശ്യമാണെന്ന് അയാൾ മനസ്സിലാക്കി.
ഉടൻ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും ഒരു ആംബുലൻസ് വാൻ സംഭവസ്ഥലത്തേക്ക് കുതിച്ചു. പോലീസുദ്യോഗസ്ഥർ അവരുടെ വീട് കണ്ടെത്തി, കാര്യങ്ങൾ മനസ്സിലാക്കി. അവരോട് കുറേയേറെ സംസാരിച്ചു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കുന്നതിനായി ഫോൺ നമ്പർ കൈമാറി. അത്യാവശ്യ സാധനങ്ങൾ എത്തിക്കുവാനുള്ള ഏർപ്പാടുകളും ചെയ്തു. അതോടെ അവരുടെ ടെൻഷൻ മാറി. സഹായിക്കാൻ ആരെങ്കിലുമുണ്ടല്ലോ എന്ന വിശ്വാസം അവരുടെ മുഖത്ത് തെളിഞ്ഞു.
ആരാണ് ആംബുലൻസ് വാൻ ഓടിച്ച് അവരുടെ വീട്ടിലെത്തി, ആ ദമ്പതിമാർക്ക് ആത്മവിശ്വാസം നൽകിയത് എന്ന് നിങ്ങൾക്കറിയേണ്ടേ ?
സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി. പി.ബി. ഷിജി.
കാണാതെ പോകരുത്, തൃശൂർ സിറ്റി പോലീസിന്റെ ഈ പെൺകരുത്ത്.
മലയാളിപ്പെൺകുട്ടി വിമാനം പറത്തി, വാർത്തയിൽ വന്ന ഈ അവസരത്തിൽ ഇക്കാര്യം നിങ്ങളോട് പറയേണ്ടി വന്നത് സാന്ദർഭികം മാത്രം.