GOOD WORKS

പ്രായപൂർത്തിയാ കാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് സ്ത്രീ അറസ്റ്റിൽ.

2020 ജനുവരി മാസത്തിലാണ് തൃശ്ശൂർ നഗരത്തിലെ ഒരു വീട്ടിൽ പെൺകുട്ടി ആത്മഹത്യചെയ്തത്. അസ്വാഭാവിക മരണത്തിന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് മരണപ്പെട്ട പെൺകുട്ടിയുടെ സ്ത്രീ സുഹൃത്ത് വരന്തരപ്പിള്ളി ചക്കുങ്ങൽ അഭിരാമിയെ (24) തൃശൂർ ടൗൺ ഈസ്റ്റ് എസ്.ഐ. അനുദാസ്.കെ അറസ്റ്റ് ചെയ്തത്.
കേസന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിരുന്നു. മരണപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളും മറ്റ് സുഹൃത്തുക്കളും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മരണപ്പെട്ട പെൺകുട്ടിയും അഭിരാമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചത്.
പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന്റെ തെളിവുകൾ പ്രതിയുടെ മൊബൈൽഫോണിൽ നിന്നും പോലീസ് കണ്ടെടുത്തു
മരണപ്പെട്ട പെൺകുട്ടി ഒരു ആൺ സുഹൃത്തുമായി പ്രണയത്തിലാണെന്നു മനസിലാക്കിയ പ്രതി, ആൺസുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പെൺകുട്ടിയോട് നിർബന്ധിക്കുകയും, തുടർന്ന് മാനസിക സമ്മർദ്ദം ഏറിയപ്പോഴാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റത്തിനും കേസുണ്ട്.
ഇതിനുമുമ്പും പ്രതി പല പെൺകുട്ടികളുമായും സൗഹൃദം സ്ഥാപിച്ച് അവരെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കിയതായി പോലീസ് അറിയിച്ചു. ഈസ്റ്റ്. എസ്.എച്ച്.ഒ പി. ലാൽ കുമാറിന്റെ നേതൃത്വത്തിൽ ഈസ്റ്റ് എസ്.ഐ. അനുദാസ്.കെ, വനിതാ പോലീസ് ഉദ്യോഗസ്ഥരായ ജയലക്ഷ്മി, ദുർഗ എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.