GOOD WORKS
Woman arrested for swindling lakhs through Honeytrap
ഹണിട്രാപ്പ് വഴി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ.
മദ്ധ്യവയസ്കനായ ആളുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപയും, ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ പ്രതിയായ യുവതിയെ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ R. ആദിത്യ IPS ൻറ നേതൃത്വത്തിലുള്ള തൃശ്ശൂർ സിറ്റി ഷാഡോ പോലീസ് ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നും അറസ്റ്റ് ചെയ്തു.
തൃശ്ശൂർ സ്വദേശിനിയും നോയിഡയിൽ സ്ഥിര താമസക്കാരിയുമായ ധന്യ ബാലൻ (33വയസ്സ്) ആണ് തൃശ്ശൂർ സിറ്റി പോലീസിന്റെ പിടിയിലായത്, തൃശ്ശൂരിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയുടെ ഏജൻറായ മദ്ധ്യവയസ്കനായ പരാതിക്കാരനെ തൃശ്ശൂർ കളക്ട്രേറ്റിൽ കളക്ടർ ട്രെയിനി ആണെന്ന് പറഞ്ഞ്
വിശ്വസിപ്പിച്ച് പരിചയപ്പെട്ട് വലിയ തുകയുടെ ഇൻഷുറൻസ് എടുക്കാമെന്ന്പറഞ്ഞ് വിവിധ ഹോട്ടൽ മുറികളിലും,ഫ്ളാറ്റുകളിലേക്കും വിളിച്ചുവരുത്തി മൊബൈൽ ഫോണിൽ നഗ്നചിത്രങ്ങൾ പകർത്തുകയും, പിന്നീട് ഈ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും, പരാതിക്കാരൻറ
കുടുംബാംഗങ്ങൾക്കും, സുഹൃത്തുകൾക്കും അയച്ചുകൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പതിനേഴര ലക്ഷം രൂപയും, അഞ്ച് ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് തട്ടിപ്പിനിരയായ ഇൻഷുറൻസ് ഏജൻറ് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയും തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുക്കുകയും ചെയ്തു. പിന്നീട് ഈ കേസ് തൃശ്ശൂർ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മിഷണർ പി.ശശികുമാർ ഏറ്റെടുക്കുകയും കേസന്വേഷണം നടത്തി പ്രതിയായ ധന്യ ബാലനെ ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നും തൃശ്ശൂർ സിറ്റി ഷാഡോ പോലീസ് അറസ്റ്റ്
ചെയ്യുകയുമായിരുന്നു.
അറസ്റ്റിലായ യുവതിയെ പരിചയപ്പെട്ട പല ആളുകളോടും ഇൻകം ടാക്സ് ഓഫീസറാണെന്ന്
ധരിപ്പിക്കുകയും, നോയിഡയിലുളള ഇവരുടെ താമസ സ്ഥലത്ത് ഇവർ ഡിഫൻസിലെ ഓഫീസർ ആണെന്നും ആണ് പറഞ്ഞിരിക്കുന്നത്.
ഓപ്പൺ യൂണിവേഴ്സിറ്റിയിൽനിന്നും MBA കഴിഞ്ഞ യുവതി ഇംഗ്ലീഷിലും, ഹിന്ദിയിലും പ്രാവീണ്യം
ഉള്ളതിനാൽ നല്ല രീതിയിൽ സംസാരിക്കുകയും ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കുന്നതിനുള്ള അസാമാന്യ വാക്ചാതുരിയും കൈവശമുണ്ട്.
ഒരിക്കലും തന്റെ ശരിയായ അഡ്രസ്സും, ജോലിയും. വ്യക്തിപരമായ വിവരങ്ങളും ആർക്കും പങ്കുവെക്കാതിരുന്ന ഇവർ ഡൽഹിയാലാണ് താമസം എന്നുമാത്രമെ അറിയാമായിരുന്നുള്ളു. അന്വേഷണത്തിനായി ഡൽഹിയിലേക്ക് പോയ
അന്വേഷണ സംഘത്തിന് തുടക്കത്തിൽ ഇവരെ കണ്ടെത്താനായില്ല. പിന്നീട് ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ചില മലയാളികളുടെ സഹായത്താൽ ഇവരെ ഉത്തർപ്രദേശിലെ നോയിഡയിലെ ലക്ഷങ്ങൾ വിലവരുന്ന ഇവരുടെ സ്വന്തം ഫ്ലാറ്റിൽനിന്ന് പിടികൂടുകയായിരുന്നു.
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ R.ആദിത്യ IPS ൻറ
നിർദ്ദേശാനുസരണം തൃശ്ശൂർ സിറ്റി ജില്ല ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ പി.ശശികുമാർ, തൃശ്ശൂർ സിറ്റി ഷാഡോ പോലീസിലെ എസ്ഐ എൻ.ജി.സുവ്രതകുമാർ, എഎസ്ഐ ജയകുമാർ, സീനിയർ സിവിൽ പോലീസ്ഓഫീസർ ജീവൻ.ടി.വി, സിവിൽ പോലീസ് ഓഫീസർ ലിഗേഷ്.എം.എസ്, വനിതാ സീനിയർ സിവിൽ പോലീസുദ്യോഗസ്ഥരായ പ്രതിഭ, പ്രിയ എന്നിവരുൾപ്പെടുന്ന
അന്വേഷണസംഘമാണ് കേസന്വേഷണം നടത്തി ഉത്തർപ്രദേശിലെ നോയിഡയിൽ
കഴിയുകയായിരുന്ന യുവതിയെ അറസ്റ്റ് ചെയ്തത്