GOOD WORKS

വടക്കേക്കാട് പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ ഫിറോസ് പി.എ പങ്കുവെക്കുന്ന ഒരു അനുഭവം

വടക്കേക്കാട് പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ ഫിറോസ് പി.എ പങ്കുവെക്കുന്ന ഒരു അനുഭവം.

ഞാനും സഹപ്രവർത്തകനായ സിവിൽ പോലീസ് ഓഫീസർ ദേവേഷും ചേർന്ന് ഞമനേങ്ങാട് അംഗൻവാടി പരിസരത്ത് ഡ്യൂട്ടി കഴിഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് മടങ്ങുകയായിരുന്നു.

വൈകീട്ട് ആറുമണിയായിക്കാണും.

പെട്ടെന്ന് ഒരു കുട്ടി കരയുന്ന ശബ്ദം.

അമ്മേ.... അമ്മേ.....

കുട്ടിയുടെ കരച്ചിലിന്റെ ശബ്ദം കൂടി വരികയാണ്.

അടുത്തുള്ള ഒരു വീട്ടിൽ നിന്നുമാണ് ആ കരച്ചിൽ കേൾക്കുന്നത്. അതോടൊപ്പം ഏതാനും സ്ത്രീകളും കരയുന്നുണ്ട്.

ഞാൻ ഉടൻ തന്നെ കരച്ചിൽ കേട്ട സ്ഥലത്തേക്ക് ഓടി.

അപ്പോഴാണ് ഭയാനകമായ ഒരു കാഴ്ച കണ്ടത്.

ശരീരം മുഴുവൻ തീപടർന്ന് ഒരു ചെറിയ പെൺകുട്ടി വീടിന്റെ ഉമ്മറത്ത് ഓടുകയായിരുന്നു.

വീട്ടിലെ പ്രായമായ അമ്മൂമ്മയും അപ്പൂപ്പനും മാത്രമാണ് ഉള്ളത്. കുട്ടിയുടെ ശരീരമാസകലം ആളിക്കത്തുന്ന തീ കണ്ട് അവർക്ക് ഒന്നും പ്രതികരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ദൂരെ മാറി നിന്ന് അവരും കരയുകയാണ്.

അൽപ്പസമയം പോലും പാഴാക്കാതെ ഞാൻ ആ വീടിന്റെ ഉമ്മറത്തേക്ക് ഓടിക്കയറി. രക്ഷാപ്രവർത്തനായി നോക്കിയപ്പോൾ സമീപത്ത് ഒന്നും കാണുന്നുമുണ്ടായിരുന്നില്ല.

ഞാൻ മറ്റൊന്നും ആലോചിച്ചില്ല.

വസ്ത്രത്തിൽ തീപിടിച്ച് കരയുന്ന കുട്ടിയെ ഞാൻ എടുത്ത് മുറ്റത്തേക്ക് ഓടി. നിലത്തുകിടത്തി ഉരുട്ടി.

എന്റെ കൈവശം ഒരു ബാഗ് മാത്രമാണുണ്ടായിരുന്നത്. ഞാൻ അതെടുത്ത് കുട്ടിയുടെ ദേഹത്തെ തീയണക്കാൻ ശ്രമിച്ചു.

അൽപ്പനേരത്തെ പരിശ്രമത്തിനൊടുവിൽ തീയണഞ്ഞു.

ഉടൻ തന്നെ സമീപവാസിയായ ഒരാളുടെ കാറിൽ കയറ്റി കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

എനിക്ക് വല്ലാതെ പേടി തോന്നി. കുട്ടികൾക്കു സംഭവിക്കുന്ന ഓരോ അപകടങ്ങളും നമ്മുടെ മനസ്സിനെ വല്ലാതെ വേദനപ്പെടുത്തുമല്ലോ...!

പിറ്റേ ദിവസം ഞാൻ ആശുപത്രിയിലേക്ക് ഫോൺ ചെയ്തു കുട്ടിയുടെ ആരോഗ്യ നിലയെക്കുറിച്ച് അന്വേഷിച്ചു.

ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് ചികിത്സ ലഭ്യമാക്കാൻ സാധിച്ചതെന്നും, കുട്ടി ഇപ്പോൾ വെൻറിലേറ്ററിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഡ്യൂട്ടികഴിഞ്ഞ് വീട്ടിലെത്തി ഞാൻ ഇതെല്ലാം ഭാര്യയോടും കുട്ടികളോടും പറഞ്ഞു. രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴും എന്റെ മനസ്സിൽ ആ കുട്ടിയെക്കുറിച്ചുള്ള രംഗം നിറഞ്ഞു നിന്നു.

ഞാൻ ആ കുട്ടിയുടെ വീട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടു. ഒരാഴ്ചകൊണ്ട് കുട്ടിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുണ്ടായി.

എനിക്ക് ആ കുട്ടിയെ പോയി കാണണമെന്നുണ്ടായിരുന്നു. എന്നാൽ അണുബാധയുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ കുട്ടിയെ റൂമിലേക്ക് മാറ്റുമ്പോൾ മാത്രമേ കാണാൻ കഴിയൂ എന്നാണ് വീട്ടുകാർ പറഞ്ഞത്.

ഒരാഴ്ച പിന്നിട്ടു. അവളെ റൂമിലേക്ക് മാറ്റി. ഡ്യൂട്ടിക്കിടയിൽ സമയം കണ്ടെത്തി, ഞാൻ ഇന്നലെ കുട്ടിയെ കാണാൻ ആശുപത്രിയിൽ പോയിരുന്നു.

പൊള്ളലേറ്റ അവളുടെ ശരീരത്തിലെ മുറിവുകളെല്ലാം മാറി വരികയാണ്. എന്നെ കണ്ടപ്പോൾ കുട്ടിക്കും വീട്ടുകാർക്കും വളരെ സന്തോഷമായി.

അവളുടെ മുഖം കണ്ടപ്പോൾ എനിക്കും സന്തോഷമായി.

എന്തായാലും വലിയൊരു അപകടത്തിൽ നിന്നുമാണ് കുട്ടി രക്ഷപെട്ടത്.

“കത്തിച്ചുവെച്ച നിലവിളക്കിൽ നിന്നും അബദ്ധത്തിലാണ് കുട്ടിയുടെ വസ്ത്രത്തിലേക്ക് തീ പടർന്നത്. ആളിക്കത്തിയ തീയുമായി അവൾ അലറിക്കരഞ്ഞ് പുറത്തേക്കോടി. ഗത്യന്തരമില്ലാതെ ഞങ്ങൾ പകച്ചു നിൽക്കുമ്പോഴാണ് സാർ അതുവഴി വന്നത്. സർ വന്നില്ലായിരുന്നെങ്കിൽ എന്റെ മകളെ എനിക്കു നഷ്ടപ്പെട്ടേനെ….”.

ഇതു പറയുമ്പോൾ അവളുടെ അമ്മ കരയുന്നുണ്ടായിരുന്നു.

തീ കെടുത്താനായി ആ സമയം എന്റെ കൈവശം ഒന്നുമുണ്ടായിരുന്നില്ല. എങ്ങനെയോ മനസ്സാന്നിധ്യം വീണ്ടെടുത്താണ് ഞാൻ കുട്ടിയെ രക്ഷപ്പെടുത്തിയത്.

ദൈവത്തിനു നന്ദി.

ഞാനവരെ ആശ്വസിപ്പിച്ചു.

കേരളാ പോലീസിലെ ഓരോ പോലീസുദ്യോഗസ്ഥനുമുണ്ടായിരിക്കും ഇത്തരം അനുഭവങ്ങൾ.

ജനമൈത്രി പോലീസ് ഡ്യൂട്ടിക്കിടയിൽ എനിക്ക് ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞ അനുഭവം ഞാൻ നിങ്ങളുമായി ഇവിടെ പങ്കുവെക്കുന്നു.

പിഎ ഫിറോസ്,
സിവിൽ പോലീസ് ഓഫീസർ,
വടക്കേക്കാട് പോലീസ് സ്റ്റേഷൻ, തൃശൂർ സിറ്റി