GOOD WORKS

കുളത്തിൽ വീണ് മരിച്ചയാളുടെ മൃതദേഹം മുങ്ങി തപ്പിയെടുത്തു പോലീസ് ഉദ്യോഗസ്ഥൻ

ഇന്നലെ രാവിലെ മുതലാണ് വടക്കേക്കാട് സ്വദേശി മോഹൻദാസിനെ അയാളുടെ വീട്ടിൽ നിന്നും കാണാതായത്. വീട്ടുകാർ പലയിടത്തും അന്വേഷിച്ചു. ബന്ധുവീടുകളിലേക്കും, സുഹൃത്തുക്കളുടെ വീടുകളിലേക്കും ഫോൺ ചെയ്തു തിരക്കി. പലയിടത്തേക്കും ആളുകൾ അന്വേഷിച്ചു പോയി. എന്നാൽ നിരാശയായിരുന്നു ഫലം.

ഇതിനിടയിലാണ് മോഹൻദാസിന്റേതെന്ന് തോന്നിപ്പിക്കുന്ന രണ്ടു ചെരിപ്പുകൾ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഒരു കുളക്കരയിൽ കണ്ടെത്തിയത്. മഴപെയ്ത് കുളത്തിൽ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കുളക്കരയിൽ ചെരിപ്പ് കണ്ടെത്തിയതോടെ വീട്ടുകാർക്ക് സംശയമായി. കുളത്തിൽ വീണ് മോഹൻദാസ് മരിച്ചിരിക്കാമെന്ന് ആളുകൾ പറഞ്ഞു. എങ്കിലും വെള്ളം നിറഞ്ഞു കിടക്കുന്ന കുളത്തിൽ മുങ്ങിത്തപ്പാൻ ആരും ധൈര്യപ്പെട്ടില്ല. മോഹൻദാസിന് കോവിഡ് ഉണ്ടെങ്കിൽ അത് പകരാനും സാധ്യതയുണ്ട്. ആളുകൾ കൂട്ടം കൂടി എന്നല്ലാതെ, കുളത്തിലിറങ്ങി പരിശോധിക്കാൻ എല്ലാവരും ഭയപ്പെട്ടു.

മോഹൻദാസിനെ കാണാതായ വിവരവും കുളക്കരയിൽ അയാളുടെ ചെരിപ്പ് കിടക്കുന്ന വിവരവും വീട്ടുകാർ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ കുളത്തിനു സമീപം എത്തിയപ്പോൾ അവിടെ ആളുകൾ കൂട്ടം കൂടി നിൽക്കുകയായിരുന്നു. മോഹൻദാസ് കുളത്തിൽ മരിച്ചു കിടക്കാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കളും, സുഹൃത്തുക്കളും പറഞ്ഞതല്ലാതെ ആരും കുളത്തിലിറങ്ങി പരിശോധിക്കാൻ തയ്യാറായില്ല.

വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സവിൻകുമാർ കുളത്തിലിറങ്ങി പരിശോധിക്കാൻ സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു. നീന്തൽ വിദഗ്ദനായ അയാൾ ഒന്നു രണ്ടുവട്ടം മുങ്ങിത്താഴ്ന്നു പരിശോധിച്ചു. പക്ഷേ ഒന്നും ലഭിച്ചില്ല. ബന്ധുക്കളുടേയും വീട്ടുകാരുടേയും നിരാശ കണ്ടുനിൽക്കാൻ സുവിൻ കുമാറിനു കഴിഞ്ഞില്ല. അയാൾ പലതവണ കുളത്തിലേക്ക് എടുത്തുചാടി, ആഴങ്ങളിൽ പോയി മുങ്ങിത്തപ്പി.

അവസാനം പായലിലും ചെളിയിലും കുടുങ്ങിക്കിടക്കുന്ന മോഹൻദാസിന്റെ മൃതദേഹം അയാൾ മുങ്ങിയെടുത്തു കരയിലെത്തിച്ചു.

ആശുപത്രിയിൽ വെച്ച് നടത്തിയ മൃതദേഹ പരിശോധനയിൽ മരണപ്പെട്ട മോഹൻദാസിന് കോവിഡ് ബാധിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് സുവിൻകുമാർ ക്വാറന്റൈനിൽ പ്രവേശിച്ചു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദപ്പെട്ട പോലീസുദ്യോഗസ്ഥർ, ഡ്യൂട്ടി നിർവ്വഹണവേളകളിൽ തങ്ങളുടെ സുരക്ഷയേക്കാൾ പ്രധാനമായി കാണുന്നത് പൊതുജനങ്ങളുടെ സുരക്ഷയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും ആത്മാർത്ഥത കൈവിടാതെ ഡ്യൂട്ടി നിർവ്വഹിച്ച സിവിൽ പോലീസ് ഓഫീസർ സുവിൻ കുമാറിന് തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.