GOOD WORKS

കോവിഡിനെതിരായ പോരാട്ടത്തിൽ ഒഴിഞ്ഞു മാറുകയില്ല ഞങ്ങൾ.

അവശരായ കിടപ്പു രോഗികളേയും രോഗാവസ്ഥയുള്ളവരേയും സേവനനിരതരായ പോലീസുദ്യോഗസ്ഥർ സഹായിക്കുന്ന നിരവധി ഫോട്ടോകൾ നിങ്ങൾ ഇതിനുമുമ്പും കണ്ടിട്ടുണ്ടാകും.

എന്നാൽ ഈ ഫോട്ടോയൊന്ന് സൂക്ഷിച്ചു നോക്കിക്കൊള്ളുക.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൃശൂർ ജില്ലയിൽ രൂക്ഷമായ കോവിഡ് വ്യാപനമാണ് റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് വ്യാപനം പടരുന്ന സ്ഥലങ്ങളിലും, കണ്ടെയ്ന്മെന്റ് സോണുകളിലും ആരോഗ്യവകുപ്പ് കണ്ടെത്തുന്നവർക്കും, പ്രത്യേകം നിർദ്ദേശിക്കപ്പെടുന്നവർക്കും കോവിഡ് രോഗ പരിശോധനകൾ നടന്നുവരുന്നു.

കോവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവർ, ഏതെങ്കിലുംതരത്തിലുള്ള രോഗ ലക്ഷണമുള്ളവർ, കണ്ടെയ്ന്മെന്റ് സോണുകളിൽ താമസിക്കുന്നവർ, ആരോഗ്യപരമായി ദുർബല വിഭാഗങ്ങളിൽപെട്ടവർ തുടങ്ങിയവരെയൊക്കെയാണ് ആരോഗ്യപ്രവർത്തകർ കണ്ടെത്തി, രോഗ പരിശോധനയ്ക് വിധേയമാക്കുന്നത്.

തൃശൂർ കട്ടിലപ്പൂവം ഹൈസ്കൂളിൽ വെച്ച് മാടക്കത്തറ പഞ്ചായത്തിലെ താമസക്കാർക്കുവേണ്ടിയുള്ള കോവിഡ് രോഗപരിശോധന ക്യാമ്പ് ഇന്ന് സംഘടിപ്പിക്കുകയുണ്ടായി. വാഹനങ്ങൾക്ക് സുഗമമായി പ്രവേശിക്കാൻ സാധിക്കാത്ത ഗെയിറ്റാണ് സ്കൂളിന്റേത്. വണ്ടികൾ പുറത്ത് നിർത്തി, നടന്നാണ് ആളുകൾ പരിശോധനാ കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരുന്നത്. അപ്പോഴാണ് സ്വയം നടക്കാൻ കഴിയാത്ത ഒരു വയോധികയെ അവരുടെ മകൾ ഓട്ടോറിക്ഷയിൽ കയറ്റി പരിശോധനാ കേന്ദ്രത്തിലെത്തിച്ചത്. പരിശോധനാ കേന്ദ്രത്തിലേക്ക് പ്രവേശിക്കാനാകാതെ ഏറെനേരം ഓട്ടോറിക്ഷയിലിരിക്കുന്ന വയോധികയെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വിയ്യൂർ പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ഓഫീസർ മോഹൻ കുമാറിന്റെ ശ്രദ്ധയിൽ പെട്ടു.

കോവിഡ് പരിശോധനക്കെത്തിയ അവർ കണ്ടെയ്ൻമെന്റ് സോണിൽ പെട്ടതാണെന്നോ, സമ്പർക്ക ലിസ്റ്റിലുള്ളതാണെന്നോ, രോഗലക്ഷണമുള്ളതാണെന്നോ കരുതി മറ്റുള്ളവർ അവരുടെ അടുത്തേക്ക് പോകാൻ പോലും മടിച്ചപ്പോൾ, അതുപോലെ മാറിനിൽക്കാൻ ആ പോലീസുദ്യോഗസ്ഥന് കഴിഞ്ഞില്ല. അയാൾ തന്റെ കൈത്തണ്ടകളിലേക്ക് ആ വയോധികയെ വാരിയെടുത്ത് പരിശോധനാ കേന്ദ്രത്തിലെത്തിച്ചു; പരിശോധനയക്കു ശേഷം അവിടെ നിന്നും വീണ്ടും വാഹനത്തിലേക്കും. അവിടെ നിന്നിരുന്ന ആളുകളിലൊരാൾ പകർത്തിയതാണ് ഈ ചിത്രം.

കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിൽ തന്നെയാണ് കേരളാ പോലീസ് എന്ന് തെളിയിക്കാൻ ഇതിലും മികച്ച ചിത്രം ഇനി കിട്ടാനില്ല.