GOOD WORKS

വിയ്യൂർ പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ ഹരീഷിന്ഴെറ കുറിപ്പ്

ഇത് ഞാൻ ഇവിടെ എഴുതണമെന്നു വിചാരിച്ചതല്ല,
പക്ഷേ, ഇവിടെയെഴുതിയില്ലെങ്കിൽ പിന്നെ നിങ്ങളെങ്ങനെയാണ് ഇത് അറിയുക?

കേരളാ പോലീസെന്ന സേനാവിഭാഗത്തിന്റെ കരുത്താണ് ഓരോ പോലീസുദ്യോഗസ്ഥരും. പോലീസ് സ്റ്റേഷൻ അധികാരപരിധിയിൽ താമസിക്കുന്ന പൗരൻമാരുമായി ആത്മബന്ധം സ്ഥാപിച്ച് അവരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് നമ്മുടെ പോലീസുദ്യോഗസ്ഥർ. കേരളാ പോലീസിന്റെ ജനകീയ പ്രവർത്തനങ്ങളുടെ വേദിയാണ് ജനമൈത്രി പോലീസ് സംവിധാനം.

ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ജനമൈത്രി പോലീസുദ്യോഗസ്ഥർ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ചോദിച്ചറിയുന്ന പതിവുണ്ട്. ഇത്തരത്തിലുള്ള ഒരു സന്ദർഭത്തിലാണ് വിയ്യൂർ പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസുദ്യോഗസ്ഥരായ മോഹൻ കുമാറും ഹരീഷും പാമ്പൂർ പുത്തുശ്ശേരി ക്ഷേത്രത്തിനു സമീപത്തെ ശോഭനയുടെ വീട്ടിലെത്തിയത്. ശോഭനയുടെ ഭർത്താവ് രണ്ടുവർഷം മുമ്പ് മരിച്ചു. കൂടെതാമസിക്കുന്ന അനുജത്തിയുടെ കണ്ണുകൾക്ക് കാഴ്ചയില്ല. കൂലിപ്പണി ചെയ്താണ് ശോഭന കുടുംബം പുലർത്തിയിരുന്നതും, കുട്ടികളെ പഠിപ്പിച്ചിരുന്നതും.

അതിനിടയിലാണ് ശോഭനയുടെ നട്ടെല്ലിന് രോഗം ബാധിച്ചത്. അതോടെ കൂലിപ്പണിക്ക് പോകാൻ കഴിയാതായി. കുടുംബത്തിന്റെ ഭക്ഷണകാര്യത്തിനുപോലും അന്യരെ ആശ്രയിക്കേണ്ട ഗതികേടിലായി. ശോഭനയ്ക് ഇപ്പോൾ പരസഹായമില്ലാതെ എഴുന്നേൽക്കുവാനോ നടക്കുവാനോ കഴിയില്ല. ശോഭനയ്ക് അസുഖം മൂർഛിച്ചപ്പോൾ ആശുപത്രിയിൽ ചികിത്സ തേടി. അതോടെ പ്രതിമാസം വലിയൊരു തുക മരുന്നിനും വേണമെന്നായി. പലപ്പോഴും മരുന്നുവാങ്ങിക്കഴിക്കുവാൻ കഴിഞ്ഞില്ല.

ഇളയ ആൺകുട്ടി സ്കൂൾ പഠനം കഴിഞ്ഞ് തൊട്ടടുത്ത പലചരക്ക് കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കുവാൻ പോകും. അവിടെ നിന്നും മാസം തോറും ലഭിക്കുന്ന തുഛമായ തുകയാണ് ഇപ്പോൾ ഈ വീട്ടിലെ ആകെയുള്ള വരുമാനം. ലോക്ക് ഡൌൺ ആയി കടകളെല്ലാം അടച്ചതോടെ ആ വരുമാനവും നിലച്ചു.

ഈ പ്രതിസന്ധി ഘട്ടത്തിലാണ് വിയ്യൂർ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരായ മോഹൻ കുമാറും, ഹരീഷും ഇവരുടെ വീട്ടിലെത്തിയത്. വിവരങ്ങൾ ചോദിച്ചറിയുമ്പോൾ ശോഭനക്ക് സംസാരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.

മരുന്ന് കിട്ടാതെ വേദന തിന്ന് വലയുന്ന ആ സ്ത്രീയുടെ കണ്ണീർ കണ്ടു നിൽക്കാൻ പോലീസുദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. വേഗം തന്നെ ഹരീഷ്, ശോഭനയുടെ മകനിൽ നിന്നും മരുന്ന് കുറിപ്പടി വാങ്ങി, തൊട്ടടുത്ത മെഡിക്കൽ ഷോപ്പിൽ പോയി, പണം കൊടുത്ത്, ഒരു മാസത്തേക്കുള്ള മരുന്ന് വാങ്ങി, അവരുടെ വീട്ടിൽ കൊണ്ടു ചെന്നു കൊടുത്തു.

നമ്മുടെ ദു:ഖങ്ങൾ എത്ര ചെറുതാണെന്ന് അറിയണമെങ്കിൽ മറ്റുള്ളവന്റെ ദു:ഖങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാൽ മതി. എന്റെ ഒരുമാസത്തെ ശമ്പളത്തേക്കാൾ എനിക്ക് വലുതായി തോന്നുന്നത് ആ സ്ത്രീയുടെ കണ്ണുനീരാണ് - ഹരീഷിന്റെ വാക്കുകൾ.

അതാണ് ഞാൻ നേരത്തെ പറഞ്ഞത്,
ഞാൻ ഇത് ഇവിടെ എഴുതണമെന്നു വിചാരിച്ചതല്ല,
പക്ഷേ, എഴുതിയില്ലെങ്കിൽ പിന്നെ നിങ്ങളെങ്ങനെ ഇത് അറിയാനാണ്?