GOOD WORKS

221 kg of ganja was seized

221 കിലോ കഞ്ചാവ് പിടികൂടിയ കേസ്.

ഒറീസയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന മുഖ്യ വിൽപ്പനക്കാരായ രണ്ടു പേർ തൃശൂർ സിറ്റി പോലീസിന്റെ പിടിയിൽ.

തൃശൂർ: ഇക്കഴിഞ്ഞ മെയ് 5 ന് നെടുപുഴ പോലീസ് 221 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ നിർണായക വഴിത്തിരിവ്. ഒറീസയിലെ നക്സൽ ബാധിത മേഖലകളിൽ നിന്നും വൻ തോതിൽ കഞ്ചാവ് വാങ്ങി, ഇടനിലക്കാർ വഴി കേരളത്തിലേക്ക് കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാനികളായ രണ്ടുപേരെ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ IPS ന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും, നെടുപുഴ പോലീസ് ഇൻസ്പെക്ടർ ടി.ജി. ദിലീപും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. 20 വർഷമായി ഒറീസയിൽ സ്ഥിരതാമസമാക്കിയ എറണാകുളം കുട്ടമംഗലം പുൽപ്പറമ്പിൽ ഷാജൻ തോമസ് (42), കുന്നംകുളം പോർക്കുളം കിടങ്ങൻ വീട്ടിൽ ലിസൺ ജോൺസൺ (41) എന്നിവരാണ് പിടിയിലായത്. കേരളത്തിൽ കഞ്ചാവ് വിൽപ്പന നടത്തിയതിനും, ഉപയോഗിച്ചതിനും നിരവധി പേരെ ഇതിനുമുമ്പും അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കഞ്ചാവിന്റെ ഉറവിടത്തിലെ തന്നെ പ്രധാന പ്രതികളെ അറസ്റ്റ്ചെയ്തിരിക്കുകയാണ് തൃശൂർ സിറ്റി പോലീസ്.

ഒറീസയിലെ നക്സൽ ബാധിത മേഖലയിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നതിൽ മുഖ്യകണ്ണിയാണ് ഷാജൻ തോമസ്. കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നയാളാണ് ലിസൺ ജോൺസൺ.

2023 മെയ് 5 ന് 221 കിലോഗ്രാം കഞ്ചാവുമായി നാലംഗ സംഘത്തെ നെടുപുഴ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേസിലെ പ്രധാന പ്രതികളെ പിടികൂടാനായത്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് ആകെ 6 പേർ അറസ്റ്റിലായി. ഈ കേസിൽ തൃശ്ശൂർ ചിയ്യാരം സ്വദേശി നടയൻതിരുത്തി വീട്ടിൽ അലി എന്നറിയപ്പെടുന്ന അലക്സ് (41 വയസ്സ്), തൃശ്ശൂർ പുവ്വത്തൂർ സ്വദേശി അറയ്ക്കൽ വീട്ടിൽ റിയാസ് എന്നറിയപ്പെടുന്ന റിയാസുദ്ദീൻ (32 വയസ്സ്), ആലപ്പുഴ പനവള്ളി സ്വദേശി കൊട്ടിയാലിൽ വീട്ടിൽ പ്രവീൺരാജ് (35 വയസ്സ്), ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശി കണ്ണംന്പിള്ളി വീട്ടിൽ ജേക്കബ് എന്ന ചാക്കോ (30 വയസ്സ്) എന്നിവരാണ് ഇതിനുമുമ്പ് പിടിയിലായവർ.

20 വർഷത്തിലധികമായി ഒറീസയിലെ ഗഞ്ചാം ജില്ലയിലെ ബ്രഹ്മപൂർ എന്ന സ്ഥലത്ത് താമസിച്ചുവരുന്ന ഷാജൻ തോമസിനെ കഞ്ചാവ് വിൽപ്പനയിലെ പണം കൈമാറാനെന്ന വ്യാജേന പോലീസ് നടത്തിയ നീക്കത്തിലൂടെ പാലക്കാട് എത്തിച്ച് അവിടെ നിന്നുമാണ് പിടികൂടിയത്. നിരവധി വർഷങ്ങളായി കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിരുന്ന പ്രതിയെ ഇതുവരേയും തിരിച്ചറിയുകയോ പോലീസ് അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. ആദ്യമായാണ് ഇയാൾ ഒരു പൊലീസ് കേസിൽ പ്രതിചേർക്കപ്പെടുന്നത്. 221 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ, കഞ്ചാവ് വാങ്ങുന്നതിനായി ധനസഹായം ചെയ്തതിനാണ് കുന്നംകുളം പോർക്കുളം സ്വദേശി ലിസൺ ജോൺസൺ (41) അറസ്റ്റിലായിരിക്കുന്നത്. ഇയാൾ ഇതിനുമുമ്പ് മറ്റൊരു കഞ്ചാവ് കടത്തുകേസിൽ ഉൾപ്പെട്ടിട്ടുണ്ട്. 5 ലക്ഷം രൂപയ്ക് ഒറീസയിൽ നിന്നും വാങ്ങുന്ന കഞ്ചാവ് ചില്ലറ വിപണിയിൽ 30 മുതൽ 40 ലക്ഷം രൂപയ്കാണ് ഇവർ വിറ്റഴിച്ചിരുന്നത്.

കഞ്ചാവ് കടത്തുന്നതിന് സാമ്പത്തികമായി ധനസഹായം ചെയ്യുന്നവരെ ഉൾപ്പെടെ ലഹരി വലയുടെ വേരറുക്കാനുള്ള ജില്ലാ പോലീസിന്റെ കർശന നിലപാടിന്റെ ഭാഗമായാണ് ഈ കേസിലെ പ്രധാനികളെ പിടികൂടാൻ കഴിഞ്ഞതെന്ന് സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ അറിയിച്ചു.

തൃശൂർ സിറ്റി പോലീസ് ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ എൻ.ജി. സുവൃതകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.വി. ജീവൻ, നെടുപുഴ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സന്തോഷ് കുമാർ, ബാബു, സിവിൽ പോലീസ് ഓഫീസർ പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.