GOOD WORKS

GOOD WORKS- NEDUPUZHA POLICE STATION

ബൈക്കുകളിൽ കറങ്ങി നടന്ന് സ്ത്രീകളുടെ സ്വർണമാല കവർച്ച ചെയ്തവരെ നെടുപുഴ പോലീസ് പിടികൂടി. പുത്തൂർ വെട്ടുകാട് പുളിഞ്ചോട് ദേശത്ത് ചിറയത്ത് വീട്ടിൽ ജിബിൻ (34), പീച്ചി ആശാരിക്കാട് പുന്നച്ചോട് ദേശത്ത് വാഴപ്ളാക്കൽ വീട്ടിൽ റിജോ (26) എന്നിവരാണ് നെടുപുഴ പോലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ ഏപ്രിൽ 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ചിയ്യാരം ആൽത്തറ ജംഗ്ഷന് സമീപം ബേക്കറി നടത്തി വന്നിരുന്ന സ്ത്രീ ധരിച്ചിരുന്ന മൂന്നര പവൻ തൂക്കം വരുന്ന സ്വർണമാലയാണ് കവർച്ച ചെയ്തത്. പ്രായമായ സ്ത്രീ സ്വർണമാല ധരിച്ചിരിക്കുന്നതുകണ്ട്, സോഡ കുടിക്കാനെന്ന വ്യാജേന പ്രതികൾ കടയിലെത്തി, സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണമാല വലിച്ചെടുത്ത് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.

കേസന്വേഷണത്തിന്റെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ ഐപിഎസ്, നെടുപുഴ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. സംഭവ സ്ഥലത്തിനു 10 കിലോമീറ്റർ ചുറ്റളവിലുള്ള ഇരുന്നൂറിലധികം സിസിടിവി ക്യാമറ ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചതിൽനിന്നുമാണ് കുറ്റവാളികളെ കുടുക്കിയത്.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നും സമാനമായ കുറ്റകൃത്യങ്ങൾ മുൻപും ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. ഇവരിൽ നിന്നും മോഷണമുതൽ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ അറസ്റ്റുചെയ്ത സംഘത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ് കെ.ജി (നെടുപുഴ) സുനീപ് കെ.ബി (ടൌൺ വെസ്റ്റ്) എന്നിവരും ഉണ്ടായിരുന്നു